ബിജെപി എംഎൽഎ വി മുരളീധരൻ പ്രവേശനോത്സവത്തിന് ആദിവാസി കുട്ടികൾക്ക് മിഠായി നൽകിയ രീതി വിവാദത്തിൽ. തിരുവനന്തപുരം കട്ടേല അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിന് മേശയിൽ മിഠായി വിതറി വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. വിതറുന്ന ദൃശ്യങ്ങൾ വിവാദത്തിൽ. ആദിവാസി കുട്ടികളെ വി മുരളീധരൻ എംഎൽഎ അപമാനിച്ചു എന്ന് പരാതി ഉയർന്നു.
ഇന്നലെ അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ വി മുരളീധരൻ എംഎൽഎ ആയിരുന്നു അതിഥി. പ്രവേശനോത്സവത്തിൽ പങ്കെടുത്ത
കുട്ടികളുടെ കൈകളിലേക്ക് നൽകേണ്ട മിഠായി, മേശപ്പുറത്ത് തട്ടിയിട്ടശേഷം എടുത്ത് കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ വി മുരളീധരനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. കയ്യിൽ കൊടുക്കാനുള്ള മിഠായി മേശപ്പുറത്തേക്ക് എറിഞ്ഞ് നൽകിയെന്ന് വി ശിവൻകുട്ടി കുറ്റപ്പെടുത്തി.
ഉദ്‌ഘാടകയായ പട്ടികജാതി-പട്ടിക വകുപ്പ് മന്ത്രി കെ എ തുളസി നോക്കി നിൽക്കെയാണ് എംഎൽഎയുടെ വിവേചനപരമായ നടപടി. പട്ടികജാതി-പട്ടികവർഗ, പിന്നാക്കവിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ് കട്ടേലയിലേത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഉത്തരേന്ത്യൻ മോഡൽ കേരളത്തിൽ വേണ്ട എന്ന തരത്തിൽ സോഷ്യൽ മീഡിയയിലും വൻ പ്രതിഷേധമാണ് ഉയരുന്നത്.
