തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ക്രൂരതയുടെ വിവരങ്ങൾ പുറത്ത്. കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകൾ തകർന്നതായും ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തി. തലയിലേറ്റ ക്ഷതത്തെ തുടർന്നുള്ള നീർക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് കുഞ്ഞിന്റെ മരണകാരണം.
പോസ്റ്റുമോർട്ടം റിപ്പോർട്ടിന് പിന്നാലെ വന്ന ആൻ്റിമോർട്ടം റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കുഞ്ഞിന്റെ ശരീരത്തിൽ കണ്ടെത്തിയത് 91 മുറിവുകൾ. നെഞ്ചിന് പിന്നിലേറ്റ ചവിട്ടാണ് മരണകാരണം. ഏഴ് വാരിയെല്ലുകൾ തകർന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായി. അഞ്ച് സ്ഥലങ്ങളിൽ നീർക്കെട്ട് ഉണ്ടെന്നും ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തി.
തങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ ഒന്നര വയസുകാരൻ തടസമായിരുന്നതിനാലാണ് ക്രൂരമായി മർദിച്ചതെന്ന് അമ്മയുടെ പങ്കാളി അഷ്കർ പൊലീസിന് മൊഴി നൽകി. കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞ നിലയിലായിരുന്നു. കുട്ടി പടിയിൽ നിന്ന് വീണതാണെന്നായിരുന്നു പൊലീസിനോട് ആദ്യം പറഞ്ഞതെങ്കിലും, ഇതിൽ ദുരൂഹതയുണ്ടെന്നും കൈ ഒടിച്ചതാണെന്നുമാണ് പൊലീസ് പറയുന്നത്.
പ്രതി കുഞ്ഞിനെ നിരന്തരം അതിക്രൂരമായി ഉപദ്രവിക്കാറുണ്ടെന്ന വിവരം അമ്മ അഖിലയ്ക്ക് അറിയാമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഇതിനാൽ, അമ്മ അഖിലയ്ക്കെതിരെ കുറ്റകൃത്യത്തിന് ഒത്താശ ചെയ്തതിനും പ്രേരണാക്കുറ്റത്തിനും പൊലീസ് കേസെടുത്തു. മുഖ്യപ്രതി അഷ്കറിനെതിരെ കൊലപാതകക്കുറ്റം, കുട്ടികൾക്കെതിരെയുള്ള അതിക്രമം, എസ്സി/എസ്ടി അതിക്രമ നിരോധന നിയമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കളുടെ ജാതി സർട്ടിഫിക്കറ്റുകൾ ശേഖരിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.
