തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ പ്രതി അഷ്കറിനെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങും. അഷ്കറിനെതിരെ കൂടുതൽ പരാതികൾ ഉണ്ടെങ്കിൽ അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ അഖിലയുടെ മുൻ ഭർത്താവിന്റെ മരണത്തിലും പൊലീസ് അന്വേഷണം നടത്തും.
കുഞ്ഞ് മരിച്ചെന്ന് അറിഞ്ഞതിന് ശേഷം അമ്മ അഖില കുട്ടിയുടെ ഉടുപ്പും വീട്ടിൽ ഉണ്ടായിരുന്ന പേപ്പറുകളും കത്തിച്ചതിൽ ഇപ്പോഴും ദുരൂഹത തുടരുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞ് അഷ്കറിൽ നിന്നും അനുഭവിച്ചതൊക്കെ അഖിലയ്ക്കും അറിയാമായിരുന്നു. തെളിവ് നശിപ്പിച്ചതും അഖിലയാണെന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതൽ ചോദ്യം ചെയ്യലിനായി അഷ്കറിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അഷ്കറിനെതിരെ പരാതി ഉണ്ടായിട്ടുണ്ടെങ്കിൽ അതിലും പൊലീസ് അന്വേഷണം ഊർജിതമാക്കും.ആദ്യ ഭാര്യ ആമിനയുടെ പരാതിയിലും അന്വേഷണം ഉണ്ടാകും. അഖിലയുടെ ആദ്യ ഭർത്താവിന്റെ ആത്മഹത്യയിലും കുടുംബം ദുരൂഹത ആരോപിച്ചിട്ടുണ്ട്.
കുഞ്ഞ് മരിച്ചതിന് ശേഷമാണ് അഷ്കർ ഭക്ഷണം വായിലേക്ക് വെച്ചു കൊടുത്തത് എന്നാണ് നാട്ടുകാരുടെ ആരോപണം. കൊല്ലപ്പെടുന്ന ദിവസം കുഞ്ഞിന്റെ തല പിടിച്ച് ചുമരിൽ അടിച്ചു എന്ന് അഷ്കർ പൊലീസിനു മൊഴി നൽകിയിട്ടുമുണ്ട്. കേസിൽ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തവരേണ്ടതുണ്ട്.
സുരക്ഷാപ്രശ്നങ്ങൾ ഉള്ളതിനാൽ അഖിലയെ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുവരില്ല എന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. കൊലപാതകം നടന്ന ദിവസം അഖില തമിഴ്നാട്ടിൽ നൃത്തപരിപാടിക്ക് പോയി എന്ന മൊഴിയിലും പൊലീസ് അന്വേഷണം നടത്തും. തന്റെ ജീവിതത്തിൽ കുഞ്ഞ് ബാധ്യതയാകും എന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് അഷ്കർ പൊലീസിന് നൽകിയ മൊഴി.
