അണ്ണാഡിഎംകെയിൽ പിളർപ്പിലേക്ക് നീങ്ങിയ രാഷ്ട്രീയ പ്രതിസന്ധിക്ക് താത്കാലിക വിരാമം. വിമത നീക്കം നടത്തിയ 25 എംഎൽഎമാരിൽ 20 പേർ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തെ വീണ്ടും അംഗീകരിച്ച് ഔദ്യോഗിക പക്ഷത്തേക്ക് മടങ്ങി. രണ്ടാഴ്ചയായി നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ രമ്യതയിലേക്കെത്തിയത്. വിശ്വാസ വോട്ടെടുപ്പിൽ ടിവികെയെ പിന്തുണച്ചെങ്കിലും മന്ത്രിസഭാ വികസനത്തിൽ പങ്കാളിത്തം കിട്ടാതാതോടെയാണ് വിമതരുടെ തിരിച്ചുപോക്ക്. വിമതരിൽ നാലുപേർ എംഎൽഎ സ്ഥാനം രാജിവെച്ച് ടിവികെയിൽ ചേർന്നിരുന്നു.എസ് പി വേലുമണി ഒഴികെയുള്ള എംഎൽഎ മാരെല്ലാം എടപ്പാടി പളനിസ്വാമിയുടെ നേതൃത്വം അംഗീകരിക്കുന്നതായി സ്പീക്കർക്ക് കത്ത് നൽകുകയും മുൻപ് നൽകിയ കത്ത് പിൻവലിക്കുകയും ചെയ്തു. നാലുപേർ രാജിവെച്ച് ടി വികെ യിൽ ചേർന്നതൊഴിച്ചാൽ ഇനി ഔദ്യോഗിക പക്ഷത്തേക്കെത്താൻ എസ് പി വേലുമണി മാത്രമേയുള്ളൂ. മഹാഭൂരിപക്ഷം വിമതരും തിരിച്ചെത്തിയതോടെ ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള കത്ത് ഔദ്യോഗിക വിഭാഗം പിൻവലിച്ചു.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തന്നെ അണ്ണാഡിഎംകെയിൽ മൂന്ന് വ്യത്യസ്ത നിലപാടുകളാണ് രൂപപ്പെട്ടത്. ടിവികെയെ പിന്തുണച്ച് മന്ത്രിസഭയിൽ ചേരണമെന്നൊരു വിഭാഗവും, പുറത്തുനിന്ന് പിന്തുണ നൽകണമെന്നൊരു വിഭാഗവും, പിന്തുണ തന്നെ നൽകരുതെന്നുമായിരുന്നു മൂന്നാമത്തെ അഭിപ്രായം. എടപ്പാടി പളനിസ്വാമിക്കൊപ്പം നിന്ന വിഭാഗം പിന്തുണയ്‌ക്കെതിരെ ഉറച്ചു നിന്നപ്പോൾ, മറ്റു രണ്ട് വിഭാഗങ്ങളാണ് പിന്നീട് വിമത നീക്കവുമായി മുന്നോട്ട് പോയത്.
വിശ്വാസ വോട്ടെടുപ്പ് സമയത്ത് വിമത പക്ഷത്തിന് 25 പേരുടെയും എടപ്പാടി പക്ഷത്തിന് 22 പേരുടെയും പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. നിലവിൽ നാല് പേർ ടിവികെയിൽ ചേർന്നതോടെ അണ്ണാഡിഎംകെയിൽ 42 എംഎൽഎമാരാണ് ശേഷിക്കുന്നത്.
