സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ കേരളത്തിൽ അതിവേഗ റെയിൽ പദ്ധതിയെ വീണ്ടും സജീവ ചർച്ചയാക്കി സർക്കാർ. വിവാദങ്ങളും വലിയ ജനവിരുദ്ധ പ്രതിഷേധങ്ങളും ഏറ്റുവാങ്ങിയ സിൽവർ ലൈൻ ഉപേക്ഷിച്ചെങ്കിലും സംസ്ഥാനത്ത് അതിവേഗ ഗതാഗത സംവിധാനം അനിവാര്യമാണെന്ന നിലപാടിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്മാറിയിട്ടില്ല. അതിനാലാണ് ഇപ്പോൾ മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവച്ച ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ സാധ്യതകൾ സർക്കാർ ഗൗരവമായി പരിശോധിക്കുന്നത്.അതിവേഗ റെയിൽ പദ്ധതിയുടെ സാധ്യതകൾ വിലയിരുന്നുന്നതിനായി ഇ ശ്രീധരനുമായി കൂടിക്കാഴ്ച്ച നടത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ ഇതിനകം തന്നെ താൽപര്യം അറിയിച്ചിട്ടുണ്ട്.സംസ്ഥാന സർക്കാരുമായി കൂടിക്കാഴ്ച്ചക്കും സഹകരണത്തിനും എപ്പോഴും സന്നദ്ധനാണെന്ന് ഇ ശ്രീധരനും വ്യക്തമാക്കി.ചർച്ച വൈകാതെ നടക്കും.
കഴിഞ്ഞ സർക്കാർ മുന്നോട്ടുവെച്ച സിൽവർ ലൈൻ പദ്ധതി വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഉയർന്ന ചെലവും വ്യാപക ഭൂമിയേറ്റെടുപ്പും പരിസ്ഥിതി ആശങ്കകളും ചൂണ്ടിക്കാട്ടിയായിരുന്നു യുഡിഎഫ് പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയത്. ഒടുവിൽ പദ്ധതി ഉപേക്ഷിക്കപ്പെട്ടെങ്കിലും കേരളത്തിന് വേഗതയേറിയ റെയിൽ ശൃംഖല അനിവാര്യമാണെന്ന വിലയിരുത്തലാണ് പുതിയ സർക്കാരിനുള്ളത്.തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നാല് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 465 കിലോമീറ്റർ അതിവേഗ റെയിൽ പാതയാണ് ഇ ശ്രീധരൻ മുന്നോട്ട് വെച്ചിട്ടുള്ളത്.180 കിലോമീറ്റർ വേഗതയിൽ മൂന്നുമണിക്കൂർ 20 മിനിറ്റുകൊണ്ട് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്തും.ചിലവ് സിൽവർ ലൈനിൻ്റെ പകുതി മാത്രം,തൂണുകൾ സ്ഥാപിച്ച് തയ്യാറാക്കുന്ന റെയിൽവേ പദ്ധതിക്ക് ഏറ്റെടുക്കേണ്ട ഭൂമിയും കുറവ്.നല്ല വില കൊടുത്ത് ഏറ്റെടുക്കുന്ന ഭൂമിയിൽ ബാക്കി സ്ഥലം ഉടമസ്ഥർക്ക് തന്നെ ഉപയോഗിക്കാമെന്നതിനാൽ സ്ഥലം ഏറ്റെടുക്കലിന് എതിർപ്പും കുറയും.മാത്രവുമല്ല ശ്രീധരന്റെ പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ അംഗീകാരവും സാമ്പത്തിക സഹായവും എളുപ്പത്തിൽ കിട്ടുമെന്നും യുഡിഎഫിനറിയാം.
അതേസമയം, പിണറായി സർക്കാർ സ്വപ്നപദ്ധതിയായി അവതരിപ്പിച്ച സിൽവർ ലൈനെ ശക്തമായി എതിർത്ത യു ഡി എഫ് ഇപ്പോൾ പുതിയ അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ പ്രതിപക്ഷമായ ഇടതുപക്ഷം എന്ത് നിലപാട് സ്വീകരിക്കുമെന്നതും എന്ത് നിലപാടായിരിക്കും എടുക്കുകയെന്നതും എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്.
