സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. 1,990 സ്കൂളുകളിൽ നിന്നായി പരീക്ഷ എഴുതിയവരിൽ 2,90,398 വിദ്യാർത്ഥികളാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത്. 77.97 ആണ് ഇക്കുറി ഹയർ സെക്കൻഡറി വിജയ ശതമാനം. 30,561 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിലും ഫുൾ A+ നേടിയവരുടെ എണ്ണത്തിലും നേരിയ വർധനവാണ് ഹയർ സെക്കൻഡറി ഫലത്തിലുള്ളത്. ഗോയിംഗ് റെഗുലർ വിഭാഗത്തിലായി മൂന്ന് ലക്ഷത്തി എഴുപത്തി രണ്ടായിരത്തി നാനൂറ്റി ഇരുപത്തിമൂന്ന് പേർ പരീക്ഷ എഴുതിയതിൽ രണ്ട് ലക്ഷത്തി തൊണ്ണൂറായിരത്തി മുന്നൂറ്റി എൻപത്തിയൊന്ന് പേർ ഉപരി പഠനത്തിന് യോഗ്യത നേടി. പതിവ് തെറ്റിച്ച് ഇടുക്കി ജില്ല ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള ജില്ലയായി. കാസർഗോഡാണ് ഏറ്റവും കുറവ് വിജയ ശതമാനം.
1,67,475 പെൺകുട്ടികൾ ഉപരി പഠനത്തിന് യോഗ്യത നേടിയപ്പോൾ 1,22,906 ആൺകുട്ടികളാണ് വിജയം കൈവരിച്ചത്. 86.89 ആണ് പെൺകുട്ടികളുടെ വിജയ ശതമാനം. 30,561 പേർ ഇക്കുറി മുഴുവൻ വിഷയങ്ങൾക്കും A+ നേടി. 60 പേരാണ് 1200 ൽ 1200 മാർക്കെന്ന വലിയ നേട്ടം കൈവരിച്ചത്. അതിൽ 50 പേരും പെൺകുട്ടികളാണ്.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 25,259 പേരാണ് പരീക്ഷയെഴുതിയത്. 18,311 പേർ ഉപരി പഠനത്തിന് യോഗ്യത നേടി. 72.49 ആണ് വിജയ ശതമാനം. പെൺകുട്ടികളുടെ വിജയ ശതമാനം 83.58 ആയി ഉയർന്നു. ഏറ്റവും കൂടുതൽ A+ നേടിയവരുടെ എണ്ണത്തിൽ തൃശൂർ ജില്ലയാണ് മുന്നിൽ. തോറ്റ വിദ്യാർഥികൾക്കായി ജൂൺ 29 മുതൽ ജൂലൈ മൂന്ന് വരെയാണ് സേ പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.
