എൽദോസ് കുന്ന പ്പിള്ളിക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരി കോടതിയിൽ മൊഴിമാറ്റി.എൽദോസ് പീഡിപ്പിച്ചിട്ടില്ലന്ന് യുവതി നെയ്യാറ്റിൻകര കോടതിയിൽ മൊഴി നൽകി. കോടതിയിൽ നേരിട്ട് എത്തിയാണ് എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്നും തന്നെ ഭീഷണിപ്പെടുത്തിട്ടില്ലന്നും പരാതിക്കാരി പറഞ്ഞത്. നെയ്യാറ്റിൻകര കോടതിയിലെ
അടച്ചിട്ട മുറിയിൽ വിചാരണ നടക്കുന്നതിനിടയിലാണ് മൊഴിമാറ്റം.മൊഴി നൽകിയതിന്
പിന്നാലെ ദേഹാസ്വാസ്ഥ്യതയെ തുടർന്ന് യുവതി കുഴഞ്ഞു വീണു.പരാതിക്കാരി ഉൾപ്പെടെ 4 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.
അതിജീവതയ്ക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ട് സാക്ഷികളും കൂറ് മാറിയിട്ടുണ്ട് .മൊഴിമാറ്റം ഏത് സാഹചര്യത്തിലാണെന്നതിൽ വ്യക്തതയില്ല.2022 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.അടിമലത്തുറയിലെ റിസോര്‍ട്ടിലും,തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് പല തവണ ബലാത്സംഗം ചെയ്‌തുവെന്ന ഗുരുതര ആരോപണമാണ് യുവതി ഉന്നയിച്ചത്.കോവളത്ത് വെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചുവെന്നുമാണ് പരാതിയിലുള്ളത്.
ബലാത്സംഗം, വധശ്രമം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് ജില്ലാ ക്രൈം ബ്രാഞ്ച് 2024 മെയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിലെ നിയമ നടപടികൾ മുൻനിർത്തിയാണ് സിറ്റിംഗ് എംഎൽഎ ആയ എൽദോസിന് തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടത്.എൽദോസ് കുന്നപ്പിള്ളിയും രണ്ട് സുഹൃത്തുക്കളുമാണ് കേസിൽ പ്രതികൾ .പരാതി പിൻവലിക്കാൻ സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയെന്നാണ് കുറ്റ പത്രത്തിൽ പറയുന്നത്.പരാതിക്കാർ തന്നെ മൊഴി മാറ്റിയ സാഹചര്യത്തിൽ കോടതി കേസ് റദ്ദാക്കാനാണ് സാധ്യത.കേസിന്റെ തുടർനടപടി കോടതി നാളെ പരിഗണിക്കും.
