മലബാറിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം. പല ഹയർ സെക്കൻഡറി സ്കൂളുകളിലും 67 വിദ്യാർത്ഥികളെ വരെ ഒരു ക്ലാസിൽ കുത്തിനിറച്ചാണ് പഠനം നടത്തുന്നത്. അധിക ബാച്ചുകൾ അനുവദിക്കാതെ സീറ്റുകളുടെ എണ്ണം മാത്രം വർധിപ്പിച്ചതാണ് പ്രതിസന്ധിക്ക് . കാരണം.50 വിദ്യാർത്ഥികൾക്ക് ഒരു അധ്യാപകൻ എന്നതാണ് വിദ്യാഭ്യാസ നയവും മാനദണ്ഡവും. എന്നാൽ മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക ഹയർ സെക്കൻഡറി ക്ലാസിലും വിദ്യാർത്ഥികളുടെ എണ്ണം 65 മുതൽ 70 വരെയാണ്. മാറി വരുന്ന സർക്കാരുകൾ അധിക ബാച്ചുകൾക്ക് പകരം സീറ്റുകൾ മാത്രം വർധിപ്പിച്ചതാണ് സ്ഥിതി വഷളാക്കിയത്.
ഓരോ ക്ലാസിലും 20 മുതൽ 30 ശതമാനം വരെ സീറ്റുകൾ വർധിപ്പിച്ചിട്ടുണ്ട് ഇതോടെ കുട്ടികളുടെ എണ്ണം 65 ഉം 70 ആയി മാറി. പുതിയ ബാച്ചുകൾ അനുവദിച്ചാൽ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് മാറി വരുന്ന സർക്കാരുകൾ സീറ്റ് എണ്ണം വർധിപ്പിച്ച് വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുപോലെ ദുരിതത്തിലാക്കിയത്.
വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ സാരമായി ബാധിച്ചിട്ടും പ്രതിസന്ധിക്ക് പരിഹാരം ഉണ്ടായിട്ടില്ല. 70 പേരുള്ള ഒരു ക്ലാസിലെ വിദ്യാർത്ഥിയും 35 പേരുള്ള ഒരു ക്ലാസ്സിലെ വിദ്യാർത്ഥിയും എഴുതേണ്ടി വരുന്നത് ഒരേ പരീക്ഷയാണ്. എന്നാൽ അവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിലും അവസരങ്ങളിലും വലിയ അന്തരമുണ്ട്. ഈ അസമത്വം ഇനിയും തുടരുന്നത് നീതികേടാണ്.
