യോഗ്യതാ മാനദണ്ഡങ്ങൾ അട്ടിമറിച്ച് മെഡിക്കൽ എമർജൻസി ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്താനുള്ള നീക്കത്തിനെതിരെ സമരവുമായി 108 ആംബുലൻസ് ജീവനക്കാർ. ഇന്നലെ രാത്രി മുതൽ സംസ്ഥാന വ്യാപക സമരത്തിന് തുടക്കമായി. പ്ലസ് ടു യോഗ്യത ഉള്ളവരെ കൊണ്ട് പ്രസവം എടുപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.
ഐ എൻ ടി യു സി അടക്കമുള്ള സംഘടനകളാണ് സമരവുമായി രംഗത്തെത്തിയത്. 108 ആംബുലൻസുകളിലെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ തസ്തികയിലേക്ക് ബി എസ് സി നേഴ്സിങ്,ജനറൽ നഴ്സിംഗ് യോഗ്യത വേണമെന്നിരിക്കെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സ് പാസായവരെയും പരിഗണിക്കാനുള്ള ടെണ്ടറിലെ നീക്കമാണ് സമരത്തിന് കാരണം. സൂചനാ സമരത്തിന്റെ ഭാഗമായി ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകുന്നത് 108 ജീവനക്കാർ നിർത്തിവെച്ചു. എത്ര ദൂരം ഓടി എന്നതിന്റെ കണക്ക് കമ്പനിക്ക് കൈമാറില്ല. നടപടി ഉണ്ടായില്ലെങ്കിൽ കടുത്ത സമര പരിപാടികൾക്കാണ് ആലോചിക്കുന്നത്. അതേസമയം തെറ്റിദ്ധാരണ വേണ്ടെന്നും നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ ഉറപ്പ് നൽകി.
നിയമനവുമായി ബന്ധപ്പെട്ട വാർത്ത ബിഗ് ടിവിയാണ് പുറത്തുവിട്ടത്. അതേസമയം പ്ലസ് ടു യോഗ്യതയുള്ളവരെ നിയമിച്ചാലും പരിശീലനം നൽകി അവരെ പ്രാപ്തരാക്കും എന്നായിരുന്നു 108 ആംബുലൻസുകളുടെ നടത്തിപ്പ് ചുമതലയുള്ള ജി വി കെ ഇ എം ആർ ഐ കമ്പനിയുടെ വിശദീകരണം.
