കോഴിക്കോട് പന്തീരങ്കാവിൽ മൂന്നരക്കിലോ എംഡിഎംഎ പിടികൂടിയ കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ രണ്ടുപേരെ നേരത്തെ പിടികൂടിയെങ്കിലും തുടരന്വേഷണത്തിൽ ആയിരുന്നു എക്സൈസ് സംഘം. കൂടുതൽ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകളും നിർണായക വിവരങ്ങളും ഇതിനോടകം അന്വേഷണ സംഘത്തിന് ലഭിച്ചു. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫാത്തിമ്മ നസ്രിനും മലപ്പുറം സ്വദേശി പി.കെ. ഷഫീഖും മൂന്നരക്കിലോ എംഡിഎംഎയുമായി പിടിയിലായതോടെയാണ് അന്വേഷണം വ്യാപകമായത്. ഇവരെ ചോദ്യം ചെയതും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുമാണ് പ്രധാന കണ്ണികളെക്കുറിച്ചുള്ള വിവരങ്ങളിലേക്ക് അന്വേഷണ സംഘം എത്തിച്ചേർന്നത്. പ്രതികൾ രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചതായും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് വലിയ അന്തർസംസ്ഥാന ലഹരി മാഫിയയാണെന്നും എക്സൈസ് കണ്ടെത്തി.
പ്രതികളുടെ മൊബൈൽ ഫോൺ രേഖകൾ, ബാങ്ക് ഇടപാടുകൾ, ഓൺലൈൻ പണമിടപാടുകൾ, യാത്രാ വിവരങ്ങൾ എന്നിവ വിശദമായി പരിശോധിച്ചതോടെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. ലഹരി വിൽപ്പനയിൽ നിന്നുള്ള പണം വിവിധ അക്കൗണ്ടുകളിലൂടെ കൈമാറിയതായും അന്വേഷണസംഘം സ്ഥിരീകരിച്ചു.കേസുമായി ബന്ധപ്പെട്ട് എക്സൈസിന്റെ പ്രത്യേക അന്വേഷണസംഘം ഗോവയിലും അന്വേഷണം നടത്തിയിരുന്നു. അവിടെ നിന്നാണ് മുഖ്യ പ്രതികൾ ഉപയോഗിച്ചിരുന്ന ബന്ധങ്ങളും ഒളിവ് കേന്ദ്രങ്ങളും സംബന്ധിച്ച വ്യക്തമായ സൂചനകൾ ലഭിച്ചതെന്നാണ് വിവരം. നിലവിൽ പ്രധാന പ്രതികൾ നിരീക്ഷണത്തിലാണെന്നും ഇവരെ പിടികൂടാനുള്ള നീക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
