സംസ്ഥാന ഭരണതലത്തിൽ നിർണായക അഴിച്ചുപണി നടത്തി സർക്കാർ. കണ്ണൂർ ജില്ലാ കളക്ടറായിരുന്ന അരുണ്‍ കെ വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. കെഎസ്‌ഐഡിസിയുടെ മാനേജിങ് ഡയറക്ടർ ചുമതലയും അദ്ദേഹത്തിന് കൈമാറി.
വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന പി വിഷ്ണുരാജാണ് ഇനി കണ്ണൂർ ജില്ലാ കളക്ടർ.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും സർക്കാർ പുറത്തിറക്കി.
പത്തനംതിട്ട ജില്ലാ കളക്ടറായ എസ് പ്രേം കൃഷ്ണനെ ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. കില ഡയറക്ടറായ എ നിസാമുദ്ദീനാണ് പത്തനംതിട്ടയുടെ പുതിയ കളക്ടര്‍.കൊല്ലം കളക്ടറായിരുന്ന എന്‍ ദേവിദാസിനെ കില ഡയറക്ടറായി മാറ്റി നിയമിച്ചു. വ്യവസായ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായ ആനി ജൂല തോമസ് ഇനി കൊല്ലം ജില്ലാ കളക്ടറാകും.പുതിയ നിയമനങ്ങളില്‍ എം എസ് മാധവിക്കുട്ടിക്ക് മാത്രമാണ് മറ്റൊരു ജില്ലയില്‍ കളക്ടര്‍ പദവി ലഭിച്ചത്. മറ്റ് അഞ്ച് ഉദ്യോഗസ്ഥര്‍ക്കും വിവിധ വകുപ്പുകളിലേക്കാണ് മാറ്റം നല്‍കിയിരിക്കുന്നത്.നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആരോപണവിധേയനായ അരുണ്‍ കെ വിജയന് പ്രധാന ചുമതല നല്‍കിയതും പുതിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്.
