2020 ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിയായ ഉമർ ഖാലിദിന് ഡൽഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മാതാവിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ പരിഗണിച്ചാണ് മൂന്ന് ദിവസത്തേക്കുള്ള ജാമ്യം അനുവദിച്ചത്. കർശന നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.ജസ്റ്റിസുമാരായ പ്രതിബ എം സിംഗ്, മധു ജെയിൻ എന്നിവരുടെ ബെഞ്ചാണ് ജാമ്യ അപേക്ഷ പരിഗണിച്ചത്. കഴിഞ്ഞദിവസം വിചാരണ കോടതി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കുടുംബത്തിലെ അടുത്ത ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനും ശസ്ത്രക്രിയക്ക് വിധേയയാകുന്ന മാതാവിനെ പരിചരിക്കാനും 15 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇത് ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.കഴിഞ്ഞ അഞ്ച് വർഷവും എട്ട് മാസവുമായി ഉമർ ഖാലിദ് ജയിലിലാണെന്ന് ഖാലിദിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തുടർന്ന് മാതാവിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട രേഖകളും ബന്ധുവിന്റെ മരണാനന്തര ചടങ്ങിന്റെ പ്രസക്തിയും കോടതിയെ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ജാമ്യം അനുവദിച്ചത്.യുഎപിഎ ചുമത്തപ്പെട്ട കേസിൽ 2020 മുതൽ ഉമർ ഖാലിദ് ജയിലിൽ തുടരുകയാണ്.
