വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ…..’ നിയമസഭയില്‍ മേനോന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്. പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എംഎല്‍എ സത്യപ്രതിജ്ഞയില്‍ അച്ഛന്റെ മുഴുവന്‍ പേരും പറഞ്ഞാണ് വി ഡി സതീശന് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മേനോൻ എന്ന ചേര്‍ത്ത് സത്യവാചകം ചൊല്ലിയതിൽ കോൺഗ്രസ് നേതാക്കളടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു.എന്നാൽ വിമർശനങ്ങളിലും നിലപാട് തിരുത്താൻ വേണ്ടി വി.ഡി സതീശൻ തയ്യാറായില്ല. നിയമസഭാ സാമാജികനായി സത്യപ്രതിജ്ഞ ചെയ്ത ഇന്നും മുഴുവൻ പേരും ആവർത്തിച്ചു.
മുൻപ് അഞ്ച് തവണ നിയമസഭാ സാമാജികനായി തിരഞ്ഞെടുത്തപ്പോഴും വി.ഡി സതീശൻ എന്നായിരുന്നു സത്യപ്രതിജ്ഞയുടെ തുടക്കം. എൻ.എസ്.എസുമായി നേരിട്ട് മുട്ടിയ തെരഞ്ഞെടുപ്പിന് ഒടുവിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ആ പതിവ് തെറ്റിച്ചു.എന്നാൽ പിതാവിൻ്റെ പേര് പറയുന്നതിൽ എന്തു പ്രശ്നം എന്നായിരുന്നു ഇന്നലെ ഈ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്.അമ്മയുടെ പേര് കൂടി പറയാൻ കഴിയാത്തതിൽ സങ്കടമുണ്ടെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞയിൽ തന്റെ പൂർണ പേരാണ് വായിച്ചത്.പാസ്പോർട്ടിൽ എഴുതുന്നതും അങ്ങനെയാണല്ലോ. അച്ഛന്റെ പേര് പറയാൻ വേണ്ടിയാണ് പൂർണ പേര് വായിച്ചത്. അതിൽ നിറഞ്ഞ സന്തോഷമാണ്. മാതാപിതാക്കളെ ഓർക്കേണ്ടേ. അമ്മയുടെ പേര് പറയാൻ സാധിക്കാത്തതിനാലാണ് പറയാതിരുന്നത്. അച്ഛന്റെ പേര് പറയുന്നത് അഭിമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു. ഡോ. ജിന്റോ ജോണിനെപോലുള്ള കോൺഗ്രസ് നേതാക്കളും ഇടതുപക്ഷ അനുഭാവികളും മറ്റ് ചില സോഷ്യൽ മീഡിയ പ്രൊഫൈലുകളും മുഖ്യമന്ത്രി ‘ജാതിപ്പേര്’ ഉപയോഗിച്ചു എന്ന രീതിയിൽ വിമർശനം ഉന്നയിച്ചിരുന്നു.
