അന്ധവിശ്വാസത്തോട് ഗുഡ്‌ബൈ പറയാൻ തയ്യാറായതോടെ മന്ത്രിമാരുടെ 13-ാം നമ്പർ വാഹനം ഇനി കെ എം ഷാജിക്ക് സ്വന്തം. മന്ത്രി കെ എം ഷാജിയുടെ നിലവിലെ ഒമ്പതാം നമ്പർ കാർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് ലഭിച്ചേക്കും.
വലിയ പ്രശ്നങ്ങളുള്ള, കുരുക്കുകളുള്ള നമ്പറാണ് 13-ാം നമ്പർ എന്നാണ് ചിലരുടെ ധാരണ. ആ ധാരണക്ക് കൈ കൊടുക്കുന്നത് യുഡിഎഫ് മന്ത്രിമാർ വരുമ്പോഴാണ്. മുൻകാലങ്ങളിൽ ഒന്നും യുഡിഎഫ് മന്ത്രിമാർ ഈ നമ്പർ കാർ ഉപയോഗിച്ചിട്ടില്ല. ഇത്തവണയും ആദ്യഘട്ടത്തിൽ 13-ാം നമ്പർ ഏറ്റെടുക്കാൻ മന്ത്രിമാർ ഉണ്ടായില്ല. എന്നാൽ ഇപ്പോൾ 13ന്റെ രാശി തെളിയുകയാണ്. വിശ്വാസി കൂടിയായ, ഫാൻ ബേസ് ഉള്ള കെ എം ഷാജി അത് ഏറ്റെടുക്കുമ്പോൾ പതിമൂന്നാം നമ്പറിനും അതിന്റെ പേരുദോഷം മാറിക്കിട്ടും എന്നാണ് പ്രതീക്ഷ.
ഇക്കഴിഞ്ഞ സര്‍ക്കാരില്‍ കൃഷി മന്ത്രി പി പ്രസാദ് ആയിരുന്നു 13-ാം നമ്പർ കാര്‍ ഉപയോഗിച്ചിരുന്നത്. ഒന്നാം പിണറായി സർക്കാരിൽ തോമസ് ഐസക്കും 13-ാം നമ്പർ കാർ ഉപയോഗിച്ചിരുന്നു. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയും ഈ നമ്പർ ഉപയോഗിച്ചിരുന്നു.
ഇതേ പ്രശ്നം മന്ത്രി ഒ ജെ ജനീഷിന് അനുവദിച്ച മൻമോഹൻ ബംഗ്ലാവിനെ സംബന്ധിച്ചും ഉണ്ട്. എന്നാൽ അതൊന്നും കാര്യമാക്കേണ്ടതില്ല എന്നാണ് ഒ ജെ ജനീഷിന്റെയും നിലപാട്.
