വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസ് അന്വേഷണം പൂർത്തിയാക്കാത്തതിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥൻ ശശിധരൻ ഐപിഎസിനെയാണ് കോടതി വാക്കാൽ വിമർശിച്ചത്. അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി കോടതി സമയം അനുവദിച്ചു. ജൂൺ 20ന് അന്വേഷണം പൂർത്തിയാക്കണമെന്നാണ് ജസ്റ്റിസ് എ ബദറുദ്ദീൻ്റെ കർശന നിർദേശം.
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസിൻ്റെ അന്വേഷണം പൂർത്തിയാക്കാൻ, പ്രത്യേക അന്വേഷണ സംഘം വീണ്ടും സമയം നീട്ടി ചോദിച്ചതാണ് കോടതിയെ പ്രകോപിപ്പിച്ചത്. പി ശശിധരൻ ഐപിഎസ് ആണ് എസ് ഐ ടി തലവൻ. ഇദ്ദേഹത്തെ രണ്ട് കേസ് ഏൽപ്പിച്ചിട്ടുണ്ട് എന്നും, രണ്ടിലും ഒന്നും നടക്കാൻ പോകുന്നില്ലെന്നും, ശബരിമല സ്വർണക്കൊള്ള, മൈക്രോഫിനാൻസ് കേസുകൾ ചൂണ്ടിക്കാട്ടി കോടതി വാക്കാൽ വിമർശിച്ചു. എന്തുകൊണ്ടാണ് അന്വേഷണം പൂർത്തിയാകാത്തത് എന്ന് ഞാൻ പറയുന്നില്ല. എന്താണ് നടക്കുന്നത് എന്ന് നാട്ടുകാർക്ക് അറിയാം. ഇങ്ങനെ വെച്ച് താമസിപ്പിക്കരുതെന്നും, ഗൗരവത്തിൽ എടുത്ത് ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി കർശന നിർദേശം നൽകി.
സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിൽ വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസ് അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കാൻ, 2025 ജൂലൈയിൽ ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിൾ ബെഞ്ച് കർശന നിർദേശം നൽകിയിരുന്നു. റിപ്പോർട്ടുകൾ പരിശോധിച്ച് വ്യക്തത വരുത്തുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി പിന്നെയും അന്വേഷണം പൂർത്തിയായില്ല. ഏറ്റവും ഒടുവിൽ ഇന്ന് റിപ്പോർട്ടി നൽകാനായിരുന്നു കോടതിയുടെ നിർദേശം. എന്നാൽ ഇന്നും സമയം നീട്ടി ചോദിച്ചതോടെയാണ് കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്.
