കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന ഫിഷറീസ് വകുപ്പ് ലീഗിന് നൽകിയതിൽ പാർട്ടിക്കുള്ളിലും ലത്തീൻ സഭയിലും അമർഷം പുകയുന്നു. മുഖ്യമന്ത്രി പൂർണമായും ലീഗിന് കീഴടങ്ങി എന്നാണ് ആരോപണം. ‘സീറ്റുകൾ മുതൽ മന്ത്രിമാർ, വകുപ്പുകൾ വരെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. അവർ ആവശ്യപ്പെട്ടത് അവർ നേടി എടുത്തു. ലീഗിന്റെ കയ്യിൽ ഉണ്ടായിരുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകണമെങ്കിൽ ലീഗിന് ഫിഷറീസ് വകുപ്പ് നൽകണമെന്ന് നിലപാടെടുത്തു. ഒടുവിൽ അതിനും കോൺഗ്രസ് വഴങ്ങി’. പാർട്ടിക്കുള്ളിൽ തന്നെ ഒരു വലിയ വിഭാഗം ഇതിനെതിരാണ്. ഇത്തരത്തിൽ ലീഗിന് എന്തിന് കീഴടങ്ങി എന്നുള്ളതാണ് ഉയരുന്ന ചോദ്യം. കടലിനെയും മത്സ്യത്തൊഴിലാളികളെയും അറിയുന്ന ഒരാൾ ആകണം ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യേണ്ടത് എന്നായിരുന്നു ലത്തീൻ അതിരൂപതയുടെ നിലപാട്. മുഖ്യമന്ത്രി നേരിട്ടെത്തി കണ്ടു, തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കുന്ന രണ്ട് മന്ത്രിമാർ കഴിഞ്ഞ ദിവസം രാത്രിയിൽ എത്തി കണ്ടു. നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ രൂപതയോടും ഒടുവിൽ സമന്വയത്തിന്റെ പാത വിട്ടുപിടിച്ചു സർക്കാർ.
തീരുമാനത്തിനെതിരെ മത്സ്യതൊഴിലാളി മേഖലയും കടുത്ത അമർഷത്തിലാണ്. മത്സ്യത്തൊഴിലാളികളും ലത്തീൻ അതിരൂപതയും നിലപാട് കർക്കശമാക്കുകയാണെങ്കിൽ വരും ദിവസങ്ങളിൽ സർക്കാരിന് വലിയ തലവേദനയാകും.
