ടാർ വില ഇരട്ടിയിലധികം ഉയർന്നതോടെ സംസ്ഥാനത്തെ റോഡ് ടാറിംഗ് ജോലികൾ പൂർണമായും നിലച്ചു. നിലവിലെ എസ്റ്റിമേറ്റ് പ്രകാരം ജോലികൾ പൂർത്തീകരിക്കാൻ കഴിയില്ല എന്നാണ് കരാറുകാർ പറയുന്നത്. എസ്റ്റിമേറ്റ് പുതുക്കി നൽകണമെന്ന് കരാറുകാർ സംസ്ഥാന സർക്കാരിനോട് ആവശ്യമുന്നയിച്ചു. തദ്ദേശ സ്ഥാപന പരിധികളിലെ റോഡുകൾ പൊളിച്ചതോടെ എന്തിനാണ് റോഡ് പൊളിച്ചത് എന്ന് നാട്ടുകാർ ചോദിച്ചുതുടങ്ങിയതായി ജനപ്രതിനിധികളും പരാതി ഉന്നയിക്കുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ സംസ്ഥാനത്തും ടാർ വില കുതിച്ചുയർന്നതാണ് റോഡ് പണി തടസപ്പെടാൻ കാരണമായത്. സാമ്പത്തിക വർഷം അവസാനത്തിന് മുമ്പ് പൊളിച്ച റോഡുകളാണ് ടാർ ചെയ്യാതെ കിടക്കുന്നത്. ടണ്ണിന് ഇരുപതിനായിരം രൂപയിൽ അധികം വിലവർധന ഉണ്ടായതോടെ പഴയ കരാർ നിരക്കിൽ റോഡുകൾ ടാർ ചെയ്യാൻ കഴിയില്ല എന്ന് കരാറുകാർ നിലപാടെടുത്തു. സംസ്ഥാന സർക്കാർ നിലവിലെ നിരക്ക് പുതുക്കി നൽകണമെന്നാണ് ആവശ്യം.
ഒരു ടണ്ണിന് 65,195 രൂപ ഉണ്ടായിരുന്ന സാധാരണ ടാറിന് നിലവിൽ 79,922 രൂപയാണ് വില. ഗ്രാമീണ റോഡുകൾക്ക് ഉപയോഗിക്കുന്ന എൻ ആർ എം പി ടാറിന് 93,774 രൂപയായി ഉയർന്നു. ടാറിനൊപ്പം ഉപയോഗിക്കുന്ന എമൽഷന് പോലും ബാരലിന് 7000 രൂപ കൂടി.ഇതോടെയാണ് റോഡ് ടാർ ചെയ്താൽ തങ്ങൾ കടക്കെണിയിൽ ആകുമെന്ന് കരാറുകാർ പറയുന്നത്. റോഡ് പൊളിച്ചിട്ട് മാസങ്ങളായിട്ടും ടാർ ചെയ്യാതായതോടെ നാട്ടുകാർ ജനപ്രതിനിധികളെയും ചോദ്യം ചെയ്ത് തുടങ്ങി.
സ്കൂൾ തുറക്കാനും മഴക്കാലമെത്താനും രണ്ടാഴ്ച മാത്രമേ ബാക്കിയുള്ളൂ. പൊളിച്ചിട്ട റോഡ് പണികൾ വേഗത്തിൽ ആക്കിയില്ലെങ്കിൽ നാട്ടുകാർ ദുരിതത്തിലാകും.
