വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ നോർത്ത് ഗേറ്റ് തുറന്നു. മുൻ സർക്കാരിന്റെ സമയത്ത് സുരക്ഷാ ഭീഷണി മുന്നിൽ കണ്ടാണ് ഗേറ്റ് നീണ്ടകാലം അടച്ചിട്ടത്. എംഎൽഎമാർക്കും എംപിമാർക്കും ഉൾപ്പെടെ സെക്രട്ടറിയേറ്റിനുള്ളിലേക്ക് നോർത്ത് ഗേറ്റ് വഴി കയറാൻ അനുമതി ഉണ്ടായിരുന്നില്ല. കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ ചുരുക്കം ചില ദിവസങ്ങൾ മാത്രമാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സമരഗേറ്റ് അഥവാ നോർത്ത് ഗേറ്റ് തുറന്നിട്ടിട്ടുള്ളത്. എംഎൽഎമാർക്കും എംപിമാർക്കും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്ക് പോലും നോർത്ത് ഗേറ്റ് വഴി പ്രവേശനം കർശനമായി നിരോധിച്ചിരുന്നു. ഇന്നലെ മുതൽ നോർത്ത് ഗേറ്റ് എല്ലാവർക്കും വേണ്ടി തുറന്നുകൊടുത്തു.
നോർത്ത് ഗേറ്റിന് സമീപമാണ് മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾക്ക് ഈ പരാതി പരിഹാര സെല്ലിൽ എത്തണമെങ്കിൽ നോർത്ത് ഗേറ്റ് വഴി പ്രത്യേക അനുമതി തേടി ഉള്ളിൽ കടക്കണം. വൈകിട്ട് 3 മണി മുതൽ 5 മണി വരെയാണ് പൊതുജനങ്ങൾക്ക് നോർത്ത് ഗേറ്റ് വഴി പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇനി മുതൽ ഈ സമയത്ത് പൊതുജനങ്ങൾക്ക് പരാതി പരിഹാര സെല്ലിൽ എത്താൻ കഴിയും. സെക്രട്ടറിയേറ്റിലെ നോർത്ത് ഗേറ്റ് അടച്ച്, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റിലേക്ക് വന്നിരുന്നത് കന്റോൺമെന്റ് ഗേറ്റ് വഴിയാണ്. കൊവിഡ് കാലത്ത് പൂർണമായും അടച്ചിട്ട ഗേറ്റ് പിന്നീട് സുരക്ഷ ചൂണ്ടിക്കാട്ടി തുറക്കാതെയായി.
