തിരഞ്ഞെടുപ്പിലെ കനത്ത തോൽവി ചർച്ച ചെയ്യാൻ സിപിഐ നാദാപുരം മണ്ഡലം കമ്മിറ്റി നാളെ യോഗം ചേരും. ഇന്ന് നടത്താനിരുന്ന യോഗം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീറിന്റെ അസൗകര്യത്തെ തുടർന്ന് മാറ്റുകയായിരുന്നു.കോഴിക്കോട് ജില്ലയിലെ സിപിഐയുടെ സിറ്റിങ് സീറ്റായിരുന്ന നാദാപുരത്ത് കോൺഗ്രസിന്റെ കെ.എം. അഭിജിത്തിനോട് 23,600 വോട്ടിനാണ് സിപിഐ സ്ഥാനാർത്ഥി പി. വസന്ത ദയനീയമായി പരാജയപ്പെട്ടത്. സീറ്റ് നിർണയം മുതൽ നാദാപുരത്ത് സി.പിഐലും ഇടതുമുന്നണിയിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.സ്ഥാനാർത്ഥിക്ക് വിജയ സാധ്യതയില്ലന്നായിരുന്നു പ്രദേശിക നേതൃത്വത്തിൻ്റെ നിലപാട് .ഇവർ ഇക്കാര്യം ജില്ലാ സംസ്ഥാന നേതൃത്വങ്ങളെ അറിയിക്കുകയും ചെയ്തു.എന്നാൽ നേതൃത്വം അത് ചെവിക്കൊണ്ടില്ല.സ്ഥാനാർത്ഥിയെ ഏകപക്ഷീയമായി തീരുമാനിച്ച നേതൃത്വം പിന്നീട് തിരെഞ്ഞടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ വിജയം ഉറപ്പിക്കാനോ ഒന്നും മുന്നിൽ നിന്നില്ലെന്നാണ് പ്രാദേശിക കമ്മിറ്റികളുടെ വിമർശനം.
കോഴിക്കോട് ജില്ലയിൽ യുഡിഎഫ് ആദ്യം തന്നെ ഉറപ്പിച്ച സീറ്റായി നാദാപുരം മാറിയിട്ടും നേതൃത്വം കുലുങ്ങിയില്ല.ജില്ലയിലെ ഏക സിറ്റിങ് സീറ്റ് നഷ്ടമായതു സംബന്ധിച്ചു മണ്ഡലം കമ്മിറ്റിയിൽ ജില്ലാ സംസ്ഥാന നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉയരുമെന്ന കാര്യം ഉറപ്പാണ്. സംസ്ഥാന സെകട്ടറി ബിനോയ് വിശ്വം നേരത്തെ മത്സരിക്കുകയും വിജയിക്കുകയും ചെയ്ത മണ്ഡലമാണ് നാദാപുരം.ഇവിടുന്ന് ജയിച്ചാണ് അദ്ദേഹം മന്ത്രിയായതും.മണ്ഡലം ഇത്ര പരിചയമുള്ള നേതാവായിട്ടും പാർട്ടിസ്ഥാനാർത്ഥി തന്നെ മത്സരിച്ചിട്ടും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നും ഒരു വിഭാഗം നേതാക്കൾക്ക് പരാതിയുണ്ട്.ഇതും സംസ്ഥാന സെക്രട്ടറിക്കെതിരെ വിമർശനമായി ഉയരും.സംസ്ഥാന, ജില്ലാ നേതാക്കൾ കൂടി പങ്കെടുത്താണ് നാളെ നാദാപുരത്ത് മണ്ഡലം നേതൃയോഗം ചേരുക.ഇതിനു ശേഷം ജില്ലാ നേതൃയോഗം ചേർന്നും നാദാപുരം തോൽവി സി.പി.ഐ ചർച്ച ചെയ്യും.
