ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് കാണാതായ കോഴിക്കോട് വടകര സ്വദേശി വിഷ്ണു പ്രകാശിനെ കണ്ടെത്തി. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്. പൊലീസും ബന്ധുക്കളും നടത്തിയ തിരച്ചിലിനൊടുവിൽ വിഷ്ണു പ്രകാശിനെ കണ്ടെത്തുകയായിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാൻ വിഷ്ണു തയ്യാറായില്ല.
എംപോക്കറ്റ് ലോൺ ആപ്പിൽ നിന്നാണ് വിഷ്ണു പ്രകാശ് ലോൺ എടുത്തത്. 10,000 രൂപ വായ്പ്പയെടുത്ത യുവാവ് 22000 രൂപ ആപ്പിൽ തിരിച്ചടച്ചു.
എന്നിട്ടും കുടിശികയുണ്ടെന്ന് ആരോപിച്ചായിരുന്നു ലോൺ മാഫിയ സംഘത്തിൻ്റെ ഭീഷണി.
ആപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് പൊലീസ് പറഞ്ഞു. വിഷ്ണുവിൻ്റെ ഫോൺ നഷ്ടപ്പെട്ടതിനാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായില്ല. മോർഫ് ചെയ്ത സ്ക്രീൻഷോട്ടുകൾ അടക്കം പരിശോധിക്കും. ലോൺ എടുത്ത പണത്തിൽ കൂടുതൽ തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നു. കൂടുതൽ പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇത് നൽകാനാകാതെ വന്നതോടെയാണ് നാടുവിട്ടത്. ബ്ലേഡ്മാഫിയ സംഘത്തിൻ്റെ ഭീഷണി അന്വേഷിക്കുമെന്നും വടകര പൊലീസ് പ്രതികരിച്ചു.
