സംസ്ഥാനത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. പാലക്കാട് വിക്ടോറിയ കോളജിലെ സ്ട്രോങ് റൂം തുറക്കാനുള്ള നടപടി വിവാദമായതോടെയാണ് നിർദേശം. പ്രിസൈഡിങ് ഓഫീസറുടെ മറന്നുവെച്ച ഡയറി എടുക്കാനാണ് കോളജിലെ മുറി തുറക്കാൻ ശ്രമിച്ചത്. ഇതിനിടെ കോഴിക്കോട്ടെ സ്ട്രോങ്റൂം വിവാദത്തിൽ റിട്ടേണിംഗ് ഓഫീസർക്കെതിരെ നടപടിയെടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
എന്നാൽ, പാലക്കാട് വിക്ടോറിയ കോളജിലെ സ്ട്രോങ്ങ് റൂം തുറക്കില്ല എന്ന് കളക്ടർ എംഎസ് മാധവിക്കുട്ടി പ്രതികരിച്ചിരുന്നു. ഇവിഎം സ്ട്രോങ് റൂമല്ല, മെറ്റീരിയൽ സ്ട്രോങ്ങ് റൂമാണ് തുറക്കാൻ തീരുമാനിച്ചത്. ഇതിൽ അസ്വഭാവികത ഇല്ല. ഫോം 17 A എടുക്കാനാണ് മെറ്റീരിയൽ സ്ട്രോങ്ങ് റൂം തുറക്കാൻ തീരുമാനിച്ചത്. എൻകോർ വെബ്സൈറ്റിൽ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു തീരുമാനം എന്നും കളക്ടർ പറഞ്ഞിരുന്നു.
ഇതിനിടെ കോഴിക്കോട് ജെഡിടി കോളേജിലെ സ്ട്രോങ് റൂം തുറന്നുവെന്ന ആരോപണത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കുമാണ് യുഡിഎഫ് ജില്ലാ നേതൃത്വം പരാതി നൽകിയത്. നടന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് യുഡിഎഫ് നേതാക്കളുടെയും സ്ഥാനാർഥികളുടെയും പരാതിയിൽ പറയുന്നു.
മെറ്റീരിയൽ റൂം തുറന്നത് എൻകോർ ആപ് അപ്ഡേറ്റ് ചെയ്യാനാണെന്ന വിശദീകരണം തൃപ്തികരമല്ലെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു. കേന്ദ്രസേനയുടെ നിയന്ത്രണം ഉണ്ടാകേണ്ട സ്ഥലത്ത് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും പൊലീസും പ്രവേശിച്ചത് കൃത്രിമത്വം നടത്താനാണോ എന്ന സംശയമാണ് യുഡിഎഫ് നേതാക്കൾ ഉന്നയിക്കുന്നത്. റിട്ടേണിങ് ഓഫീസറെ പുറത്താക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആവശ്യപ്പെട്ടു. എന്നാൽ, വീഴ്ചയുണ്ടായിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ. മെറ്റീരിയൽ റൂം തുറന്നത് സ്ഥാനാർത്ഥികളുടെ ഏജന്‍റുമാരുടെ സാന്നിധ്യത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിവാദത്തിൽ സിപിഎം നേതാക്കളോ പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ടിപി രാമകൃഷ്ണനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മുറി തുറക്കുന്നത് തന്നെ അറിയിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ലെന്നാണ് പേരാമ്പ്ര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയയുടെ ആരോപണം.
