പകുതി വംഗനാടും മുഴുവൻ തമിഴ്നാടും മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്. തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലേക്കും പശ്ചിമ ബംഗാളിലെ പകുതി മണ്ഡലങ്ങളിലേക്കുമുള്ള പ്രചാരണമാണ് ഇന്ന് അവസാനിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും നടൻ വിജയുമെല്ലാം ചെന്നൈയിലാണ് കലാശക്കൊട്ടിൽ പങ്കെടുക്കുന്നത്
തമിഴ്നാട്ടിലെ 234 മണ്ഡലങ്ങൾ. ബംഗാളിലെ 152 മണ്ഡലങ്ങൾ. ആകെ 386 മണ്ഡലങ്ങളിലാണ് ഇന്ന് പ്രചാരണം അവസാനിക്കുന്നത്. സ്ത്രീവോട്ടുകൾക്കു ഭൂരിപക്ഷമുള്ള രണ്ടു സംസ്ഥാനങ്ങളിലും വനിതാ ബിൽ മുൻ നിർത്തി ബിജെപി നടത്തിയ പ്രചാരണത്തിന്‍റെ ഫലം കൂടിയാണ് അറിയാനുള്ളത്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്നു വൈകിട്ട് മൂന്നുമണിക്ക് ചെന്നൈയിൽ കലാശക്കൊട്ടിൽ പങ്കെടുക്കും. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ചെന്നൈയിൽ തന്നെയാണ് വൈകിട്ട് പ്രചാരണം നയിക്കുക. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് കൂടി എത്തുന്നതോടെ ചെന്നൈ ഇന്ന് ഇളകിമറിയും. പതിവുള്ളതിലും അധികം സുരക്ഷാ സംവിധാനങ്ങളാണ് ഇന്ന് ചെന്നൈയിൽ ഒരുക്കിയിരിക്കുന്നത്. ആൾക്കൂട്ടത്തെ ഇളക്കിമറിച്ച് വിജയ് നടത്തുന്ന പ്രചാരണത്തിന്‍റെ ഫലമെന്താകുമെന്നറിയാൻ മേയ് നാലുവരെ കാത്തിരിക്കണം. അണ്ണാ ഡിഎംകെയുടെ എടപ്പാടി പളനിസാമി സേലത്താണ് കലാശക്കൊട്ടിന് എത്തുക. പ്രധാനമന്ത്രി ഇന്നലെ വന്നുപോയെങ്കിലും ബിജെപി ക്യാംപുകളിൽ വലിയ ആവേശം പ്രകടമല്ല. വിജയ് കൂടി ഇറങ്ങിയ തെരഞ്ഞെടുപ്പിൽ ഡിഎംകെ വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നതാണ് കാരണം. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമോ എന്ന കാര്യത്തിൽ എഐഎഡിഎംകെയ്ക്കും ആശങ്കകളുണ്ട്.
ബംഗാളിലെ കുച്ച് ബിഹാർ, ഡാർജലിങ്, മാൽഡ, ജയ്പാൽഗിരി തുടങ്ങിയ ജില്ലകളിലാണ് ബംഗാളിൽ ഇന്ന് പ്രചാരണം അവസാനിക്കുന്നത്. സംഘർഷമേഖലയായ മുർഷിദാബാദിലും ഇന്നു പ്രചാരണം അവസാനിക്കും. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലാണ് ഇന്ന് പ്രചാരണം അവസാനിക്കുന്നത് എന്നതിനാൽ കേന്ദ്രമന്ത്രി അമിത് ഷാ നേരിട്ടെത്തുന്നുണ്ട്. കേന്ദ്ര സേനയടക്കം വൻ സുരക്ഷാ വിന്യാസമാണ് ഈ ജില്ലകളിൽ.ബംഗാളിലെ ഗൂണ്ടാ ഭരണത്തിന് അറുതി വരുത്തും എന്ന മുദ്രാവാക്യവുമായാണ് ബിജെപി കാടടച്ച് പ്രചാരണം നടത്തുന്നത്. എന്നാൽ തൃണമൂലിന്‍റെ ശക്തികേന്ദ്രങ്ങൾക്കൊന്നും ഇത്തവണയും ഇളക്കം തട്ടില്ലെന്നാണ് ബംഗാളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോൺഗ്രസും ഇടതുപക്ഷവും പഴയ പ്രതാപത്തിന്‍റെ നിഴലിൽ പോലുമില്ലാത്ത സ്ഥിതിയും.
