നെടുമ്പാശേരി വിമാനത്താവളത്തിൽ ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ഈ വർഷം കേരളത്തിൽ നിന്ന് പുറപ്പെടുന്ന തീർത്ഥാടകരിൽ പകുതിയിലധികം പേരും നെടുമ്പാശേരി വിമാനത്താവളം വഴിയാണ് യാത്രയാകുന്നത്. അതായത് 13,195 തീർത്ഥാടകരിൽ 7,943 പേരും കൊച്ചി വഴിയാണ് യാത്ര തിരിക്കുന്നത്. ഈ മാസം 30ന് ഫ്ലൈനാസ് എയർവേയ്‌സിന്റെ ആദ്യ വിമാനം 430 തീർത്ഥാടകരുമായി മക്കയിലേക്ക് പറക്കും. സിയാൽ കൺവെൻഷൻ സെന്ററിൽ ഒരുങ്ങുന്ന ഹജ്ജ് ക്യാംപിൽ ഒരേ സമയം 1,200 തീർത്ഥാടകർക്ക് താമസിക്കാനും പ്രാർത്ഥിക്കാനുമുള്ള സൗകര്യങ്ങളുണ്ടാകും. ക്യാംപിനായുള്ള പന്തൽ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. കസ്റ്റംസ്, എമിഗ്രേഷൻ, സി.ഐ.എസ്.എഫ് നടപടികൾക്കായി പ്രത്യേക കൗണ്ടറുകളും ക്യാംപിൽ സജ്ജീകരിക്കും.
അന്തിമഘട്ട ഒരുക്കങ്ങൾ വിലയിരുത്താൻ എയർപോർട്ട് ഡയറക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അവലോകനയോഗം ചേർന്നു. ഹജ്ജ് കമ്മിറ്റി അംഗങ്ങളും എയർപോർട്ട് ഉദ്യോഗസ്ഥരും വിവിധ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുത്തു. തീർത്ഥാടകർക്ക് മുഴുവൻ സമയ സേവനം ഒരുക്കുന്നതിന് വിപുലമായ വോളന്റിയർ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
