സംസ്ഥാനത്ത് വ്യാപകമായ വിജിലൻസ് റെയ്ഡിൽ 14 ഉദ്യോഗസ്ഥർ കൈക്കൂലി കേസിൽ കുടുങ്ങി. മൈനിംങ് ആൻ്റ് ജിയോളജി വകുപ്പ് ഓഫീസുകളിലും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഓപ്പറേഷൻ എർത്ത് ഗാർഡ് എന്ന പേരിൽ നടത്തിയ മിന്നൽപരിശോധനയിലാണ് ഉദ്യോഗസ്ഥർ കുരുങ്ങിയത്.
72 ഓഫീസുകളിലും, 360 മണ്ണടി കേന്ദ്രങ്ങളിലും ആണ് പരിശോധന ഉണ്ടായത്.മണ്ണ് ഖനനത്തിന് ഒത്താശ നൽകിയ ഉദ്യോഗസ്ഥർ ഓൺലൈൻ വഴിയുള്ള പണമിടപാടിലൂടെ 4.69 ലക്ഷം രൂപ കൈപ്പറ്റിയതായി വിജിലൻസ് വ്യക്തമാക്കി. മണ്ണ് മാഫിയ സംഘങ്ങളുമായും ഇടനിലക്കാരുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൂർണമായും പരിശോധിക്കുമെന്ന് വിജിലൻസ് അറിയിച്ചു. അനുമതിയില്ലാതെ മണ്ണ് ഖനനം നടത്തിയ കെട്ടിട നിർമ്മാണം ആരംഭിക്കാൻ എന്ന പേരിൽ പെർമിറ്റ് വാങ്ങിയതിനു ശേഷം
കുന്നുകൾ ഇടിച്ച് മണ്ണ് മാഫിയ സംഘങ്ങൾക്ക് ഒത്താശ ചെയ്ത സ്ഥലങ്ങളിലൊക്കെ വസ്തു ഉടമകളിൽ നിന്ന് പിഴ ഈടാക്കാനുള്ള നോട്ടീസും നൽകിയിട്ടുണ്ട്.
വരും ദിവസങ്ങളിലും തുടർ പരിശോധനകൾ ഉണ്ടാകുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
