സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ്. സർക്കാരിനെതിരായ വികാരമാണ് കനത്ത തോൽവിക്ക് കാരണമെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കരുതായിരുന്നു.തളിപ്പറമ്പിൽ എം വി ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നൽകി. പാർട്ടി സംസ്ഥാന സെക്രട്ടറി ശൈലി തിരുത്തണമെന്നും ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യം ഉയർന്നു. ഇന്ന് ജില്ലാ കമ്മിറ്റി ചേർന്ന് സംസ്ഥാന കമ്മിറ്റിയുടെ റിവ്യൂ റിപ്പോർട്ട് ചർച്ച ചെയ്യും.
തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ ചേർന്ന സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിമർശനങ്ങൾ ഉയർന്നത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെയും എം വി ഗോവിന്ദനെയും ലക്ഷ്യമിട്ടായിരുന്നു വിമർശനങ്ങൾ ഏറെയും. മത്സരിക്കാതെ മാറി നിന്ന് തെരഞ്ഞെടുപ്പിനെ പിണറായി നയിക്കുന്നതായിരുന്നു നല്ലതെന്ന് വിമർശനം ഉയർന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുത്തത് ശരിയായില്ല. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് പിണറായി സംസാരിച്ച രീതി പ്രവർത്തകർക്ക് പോലും അവമതിപ്പ് ഉണ്ടാക്കുന്നതായിരുന്നു. തിരുത്താൻ പാർട്ടി നേതൃത്വം തയ്യാറാകാത്തതാണ് ജനവിധിക്ക് കാരണമെന്നായിരുന്നു വിമർശനം.
പരിഹസിക്കുന്ന രീതിയിലുള്ള പാർട്ടി സെക്രട്ടറിയുടെ ശൈലി തിരുത്തണം. അല്ലെങ്കിൽ ജനം തിരുത്തുമെന്ന് തെളിയിച്ചതാണ് ഇപ്പോഴത്തെ ജനവിധിയെന്നും അംഗങ്ങൾ പറഞ്ഞു. തളിപ്പറമ്പിൽ എം വി ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നൽകി. പാർട്ടി പ്രവർത്തകർക്ക് പോലും പി കെ ശ്യാമളയെ മത്സരിപ്പിച്ചത് ശരികേട് എന്ന് തോന്നിപ്പിച്ചു. സർക്കാരിനെതിരെ ഭരണ വിരുദ്ധ തരംഗം ഉണ്ടായിരുന്നില്ലെന്ന സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ തെറ്റാണെന്നും കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. ജനങ്ങളിൽ നിന്ന് പാർട്ടി അകന്ന് പോയത് പിന്നെ എന്തുകൊണ്ടാണെന്ന ചോദ്യത്തിനും, എന്ത് കൊണ്ടു തോറ്റു എന്നതിനും നേതൃത്വമാണ് പ്രവർത്തകർക്ക് മറുപടി നൽകേണ്ടതെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനമുണ്ടായി. ജെൻ–സി തലമുറയെ മനസിലാക്കാൻ പാർട്ടി പരാജയപ്പെട്ടുവെന്നും അംഗങ്ങൾ വിമർശിച്ചു.
തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ എൻ ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ കെ ജയചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം പാർട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തുകയായിരുന്നു.
