കോഴിക്കോട് മാങ്കാവിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് യുവതി അടിച്ചുതകർത്തു. സ്റ്റോപ്പ് ഇല്ലാതിരുന്ന ലുലു മാളിന് സമീപം ബസ് നിർത്താൻ യുവതി ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറും കണ്ടക്ടറും വഴങ്ങിയില്ല. ഇതിൽ പ്രകോപിതയായ യുവതി ബസിലെ ഹാമർ ഉപയോഗിച്ചാണ് ഗ്ലാസ് അടിച്ചുതകർത്തത്. കട്ടപ്പനയിൽ നിന്ന് പുൽപ്പള്ളിയിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസിലായിരുന്നു സംഭവം. തർക്കത്തെ തുടർന്ന് ബസ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും പരാതി ഇല്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. യുവതിയിൽ നിന്ന് 28,000 രൂപ പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു.
ബാത്ത്റൂമിൽ പോകാൻ വേണ്ടിയാണ് ബസ് നിർത്താൻ ആവശ്യപ്പെട്ടതെന്നും പെട്ടെന്നുള്ള പ്രകോപനത്തിൽ സംഭവിച്ചു പോയ കാര്യമാണെന്നുമാണ് യുവതിയുടെ വാദം. സംഭവംഅപ്പോൾ തന്നെ ഒത്തുതീർപ്പാക്കിയതാണെന്നും യുവതി ഇൻസ്റ്റഗ്രാം കുറിപ്പിൽ പറഞ്ഞു. ഫോണിലെ വീഡിയോ ഉൾപ്പെടെ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തിട്ടും ദൃശ്യങ്ങൾ പ്രചരിക്കുന്നത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും ഇതിൽ നിന്ന് പിൻവാങ്ങണമെന്നുമാണ് യുവതിയുടെ ഇപ്പോഴത്തെ ആവശ്യം.
