രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡെൽഹിയിൽ പെട്രോളിന് 100 രൂപയും തിരുവനന്തപുരത്ത് 110.76 രൂപയും കൊച്ചിയിൽ 108 രൂപയുമായി. ഇന്ധന വില വർധനവിന്റെ ആഘാതം കുറയ്ക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ ഇന്ധന വില വർധിപ്പിച്ചത്. വില വർധിപ്പിക്കണമെന്ന കമ്പനികളുടെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെയാണ് മൂന്ന് രൂപ കൂട്ടിയത്. ഇതോടെ രാജ്യതലസ്ഥാനത്ത് പെട്രോൾ വില 100 കടന്നു. ഇന്ധന വില വർധിപ്പിച്ചതോടെ രാജ്യത്ത് വിലക്കയറ്റവും രൂക്ഷമാകും.
ഇന്ധന വില വർധനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആഘാതം കുറയ്ക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.ഇന്ധന വില വർധനവ് കേന്ദ്ര സർക്കാരിന്റെ ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. വിലക്കയറ്റം കൊണ്ട് വലയുന്ന സാധാരണക്കാരന് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണെന്ന് പിണറായി ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ധന വില കൂട്ടിയതിന് പിന്നാലെ രാജ്യത്ത് പലയിടങ്ങളിലും പെട്രോൾ പമ്പുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ധന വില വീണ്ടും വർധിപ്പിക്കുമെന്നാണ് വിവരം.
