ഡൽഹിയിലെ നങ്‌ലോയിയിൽ നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തു. മേയ് 11ന് രാത്രി പീതാംപുര സ്വദേശിയായ യുവതി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അതിക്രൂര പീഡനം നടന്നത്. സരസ്വതി വിഹാറിലെ ബസ് സ്റ്റോപ്പിൽ വെച്ച് സമയം ചോദിക്കാനായി ബസിനടുത്തേക്ക് ചെന്ന യുവതിയെ പ്രതികൾ ബലമായി ഉള്ളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. തുടർന്ന് നങ്‌ലോയി ഭാഗത്തേക്ക് ബസ് ഓടിച്ചുപോവുകയും അവിടെവെച്ച് പ്രതികൾ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത ഡൽഹി പൊലീസ്, കുറ്റകൃത്യത്തിന് ഉപയോഗിച്ച ബസ് പിടിച്ചെടുത്തിട്ടുണ്ട്.
ഡെൽഹിയിൽ സ്ത്രീകൾക്ക് സുരക്ഷയില്ലെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. 2012ലെ നിർഭയ സംഭവത്തെ ഓർമിപ്പിക്കുന്നതാണ് ഈ അതിക്രമമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്നും വിവിധ രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടു.
