ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മൂന്ന് മക്കളെ നഷ്ടമായ സയനയോട് നല്‍കിയ വാക്ക് പാലിച്ച് പുത്തുമലയിലെത്തി മുന്‍ മന്ത്രി കെ രാജന്‍. “തെരഞ്ഞെടുപ്പില്‍ ജയിച്ച ശേഷം എന്റെ മക്കളെ കാണാന്‍ വരണം”എന്ന് തെരഞ്ഞെടുപ്പ് സമയത്ത് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതയായ സയന കെ. രാജനോട് ആവശ്യപ്പെട്ടിരുന്നു. ഉരുൾപൊട്ടലിൽ മൂന്നു മക്കളെയും നഷ്ടപ്പെട്ട സയന രാജനെ കെട്ടിപ്പിടിച്ച് കരഞ്ഞത് പ്രചാരണത്തിലെ വൈകാരിക നിമിഷമായി മാറിയിരുന്നു. ഇതിൻ്റെ വീഡിയോയും വൻ തോതിൽ പ്രചരിച്ചിരുന്നു
പുത്തുമലയിലെ ശ്മശാനത്തില്‍ അടക്കം ചെയ്തിരിക്കുന്ന നിവേദ്, ധ്യാന്‍, ഇഷാന്‍ എന്നിവരുടെ കുഴിമാടത്തിന് മുന്നില്‍ രാജന്‍ പൂക്കളര്‍പ്പിക്കുകയും കളിപ്പാട്ടങ്ങളും മിഠായികളും സമര്‍പ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അടുത്ത് സയനയും ഭര്‍ത്താവുമുണ്ടായിരുന്നു. സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ കെ രാജന്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചു.തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏപ്രില്‍ ആറിനായിരുന്നു കെ രാജനെ കാണാന്‍ സയന അടക്കം ദുരന്തബാധിതരായ പതിനാല് പേര്‍ ഒല്ലൂരിൽ എത്തിയത്. മൂര്‍ക്കനിക്കര പ്രദേശത്ത് സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.
