കോൺഗ്രസിന്റെ ക്രൌഡ് പുള്ളർ ഷാഫി പറമ്പിൽ എംപിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വി ഡി സതീശൻ അനുകൂലികളുടെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിനെ പിന്തുണച്ചെന്ന് ആരോപിച്ചാണ് ഷാഫി പറമ്പിലിനെതിരെ വിമർശനമുയരുന്നത്. വി ഡി സതീശൻ മുഖ്യമന്ത്രിയായില്ലെങ്കിൽ പുറത്തിറങ്ങില്ലെന്നും തോൽപ്പിക്കുമെന്നുമാണ് ഭീഷണി.
കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം വരെ യു ഡി എഫ് പ്രവർത്തകർക്ക് പ്രിയങ്കരനായിരുന്നു ഷാഫി പറമ്പിൽ. മണ്ഡലങ്ങളിൽ ഷാഫിക്കൊപ്പമുള്ള റോഡ് ഷോകൾ സംഘടിപ്പിക്കാൻ സ്ഥാനാർഥികൾ മത്സരിച്ചു, പരിപാടികളിൽ ഷാഫിയുടെ സാന്നിധ്യം ഉറപ്പിക്കാൻ കോൺഗ്രസുകാർ മാത്രമല്ല, മുസ്‌ലിം ലീഗുകാരും ഉത്സാഹിച്ചു. ഇടതുസൈബർ പോരാളികളിൽ നിന്ന് ആക്രമണം നേരിട്ടപ്പോഴൊക്കെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചു. പക്ഷേ മുഖ്യമന്ത്രി തർക്കത്തിൽ കെ സി വേണുഗോപാലിനൊപ്പമെന്ന വാർത്തകൾക്ക് ശേഷം ഷാഫി പറമ്പിൽ നേരിടുന്നത് സമാനതകളില്ലാത്ത വിമർശനമാണ്. ഉമ്മൻചാണ്ടിയുടെ ഫോട്ടോയുമായി നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തപ്പോൾ താഴെ കമന്റുകൾ കൊണ്ട് പൊങ്കാല.
കോൺഗ്രസിന്റെ കാലൻ, വഞ്ചകൻ, വാലാട്ടി എന്നിങ്ങനെ ഷാഫിക്ക് വിശേഷണങ്ങൾ ചാർത്തിക്കൊടുക്കുന്നവരിൽ കോൺഗ്രസ്, ലീഗ് പ്രവർത്തകരാണ് കൂടുതലും. പിന്തുണയും ആൾക്കൂട്ടവും വ്യക്തിക്കുള്ളതല്ലെന്ന് പറയുക മാത്രമല്ല, ജനപ്രതിനിധികൾ പുറത്തിറങ്ങില്ലെന്നും ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ തോൽപ്പിക്കുമെന്നുമുള്ള ഭീഷണിയും വ്യാപകമാണ്. തീരുമാനം വി ഡി സതീശന് അനുകൂലമല്ലെങ്കിൽ സൈബർ ആക്രമണം രൂക്ഷമാകാനാണ് സാധ്യത. പരസ്യ പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയും കമന്റുകളിൽ ഉണ്ട്. നിലവിൽ ഷാഫിക്കൊപ്പമുള്ളവർ സൈബർ ആക്രമണത്തിൽ മറുപടി പറയാൻ തുടങ്ങിയിട്ടില്ല. എന്നാൽ സൈബർ ആക്രമണം ജമാഅത്തെ ഇസ്ലാമി ആസൂത്രണം ചെയ്തതാണെന്ന് പറയുന്നവരുമുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് സംസ്ഥാനത്ത് കോൺഗ്രസിന്റെ മുഖമായി വളർന്ന നേതാവിനെ അണികളുടെ തന്നെ സൈബർ ആക്രമണം എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.
