പാലക്കാട് കുഴൽമന്ദത്ത് ചികിത്സാ പിഴവെന്ന് പരാതി. വയറുവേദനയ്ക്കുള്ള കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെ ഇടതുകാൽ തളർന്നെന്നാണ് ആരോപണം. കുളവൻമുക്ക് സ്വദേശിനി അലീമയാണ് പരാതിയുമായി രംഗത്തെത്തിയത്. കുടുംബത്തിന്റെ പരാതിയിൽ ഡിഎംഒ അന്വേഷണത്തിന് ശുപാർശ നൽകി.
കഴിഞ്ഞ മാർച്ച് 22നാണ് ആർത്തവ വയറുവേദനയെ തുടർന്ന് അലീമ കുഴൽമന്ദം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. കയ്യിലും ഇടുപ്പിലും കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെ അസഹനീയമായ വേദനയുണ്ടായി. അപ്പോൾ തന്നെ ഡോക്ടറെ അറിയിച്ചെങ്കിലും പതിയെ വേദന കുറയും എന്നായിരുന്നു മറുപടി. തുടർന്ന് ദിവസങ്ങൾക്ക് ശേഷം കാലിൽ അമിതമായ വേദനയും നടക്കാൻ പറ്റാത്ത അവസ്ഥയുമായി എന്നാണ് അലീമ പറയുന്നത്. കുഴൽമന്ദം പിഎച്ച്സിയിൽ വീണ്ടും എത്തിയപ്പോൾ വിറ്റാമിൻ കുറവ് മൂലമാണ് ബുദ്ധിമുട്ടെന്നും പതുക്കെ ശരിയാകും എന്ന് പറഞ്ഞ് മടക്കിഅയച്ചതായും കുടുംബം ആരോപിച്ചു.
അലീമയുടെ ഭർത്താവ് ഫിറോസിന്റെ വരുമാനത്തിലാണ് രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബം കഴിയുന്നത്. ചികിത്സാ പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കുഴൽമന്ദം പൊലീസിൽ പരാതി നൽകി. കുടുംബത്തിന്റെ പരാതിയിൽ DMOയും വിശദമായ അന്വേഷണത്തിന് ശുപാർശ നൽകിയിട്ടുണ്ട്. എന്നാൽ നിലവിൽ ചികിത്സാ പിഴവ് ആരോപണത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല.
