ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസിൽ ആക്രമിക്കപ്പെട്ടതോടെ ഇന്ധന പ്രതിസന്ധി അതി രൂക്ഷമാകുമെന്ന് ആശങ്ക. ഒരു രാജ്യത്തിന്‍റേയും കപ്പലുകളെ കടത്തിവിടാതെ ഹോർമുസ് പൂർണമായും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. അമേരിക്കയും ഇറാനും നാളെ ഇസ്ലാമാബാദിൽ നടത്താനിരുന്ന കൂടിക്കാഴ്ചയും അനിശ്ചിതത്വത്തിലായി.
രണ്ട് ഇന്ത്യൻ കപ്പലുകൾക്കു നേരേയാണ് ഇറാന്‍റെ റവല്യൂഷണറി ഗാർഡ്സ് വെടിയുതിർത്തത്. ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നു എന്ന പ്രഖ്യാപനം വിശ്വസിച്ച് കടന്നുവന്ന കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇറാഖിൽ നിന്നുള്ള എണ്ണയായിരുന്നു കപ്പലുകളിൽ. യുദ്ധസമയത്ത് ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ വെടിനിർത്തൽ പ്രാബല്യത്തിലുള്ള കാലത്താണ് ഇന്ത്യൻ കപ്പലുകൾ ആക്രമിക്കപ്പെട്ടത്. ഡൽഹിയിലെ ഇറാന്‍റെ അംബാസഡർ മുഹമ്മദ് ഫാത്ത്ലിയെ ഇന്ത്യ വിളിച്ചു വരുത്തി. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഇന്ത്യയുടെ ആശങ്കകൾ അറിയിച്ചു.
യുദ്ധ സമയത്ത് പോലും ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകിയിരുന്നതിനാലാണ് ഇവിടെ വലിയ ഇന്ധന പ്രതിസന്ധി ഉണ്ടാകാതിരുന്നത്. വാണിജ്യ സിലിണ്ടറുകൾക്കു മാത്രമായിരുന്നു ക്ഷാമം. എന്നാൽ കപ്പലുകൾ പൂർണമായും തടഞ്ഞാൽ വരും ദിവസങ്ങളിൽ സ്ഥിതി രൂക്ഷമാകും എന്നാണ് ആശങ്ക. ഇന്ത്യക്ക് രണ്ടുമാസത്തേക്കു വരെ പെട്രോളിനും ഡീസലിനും ക്ഷാമം ഉണ്ടാകില്ലെങ്കിലും പാചകവാതകത്തിന്‍റെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്.
ഇറാന്‍റെ തുറമുഖങ്ങളെല്ലാം വളഞ്ഞ് അമേരിക്ക നടത്തുന്ന ഉപരോധം തുടരുകയാണ്. ഇതാണ് ഇറാനെ പ്രകോപിപ്പിക്കുന്നത്. യുദ്ധവിരാമത്തിന്‍റെ കാര്യത്തിൽ ഇറാനും അമേരിക്കയും തമ്മിലുള്ള അഭിപ്രായവ്യത്യാസം വലിയ തോതിൽ തുടരുകയാണ്. നിരവധി മധ്യസ്ഥ ശ്രമങ്ങൾക്കു ശേഷവും ഇരുരാജ്യങ്ങളും സഹകരണത്തിന്‍റെ നിലയിൽ എത്തിയിട്ടില്ല. ആണവോർജ്ജത്തിന്‍റെ കാര്യത്തിലാണ് വലിയ അഭിപ്രായ വ്യത്യാസം. ഊർജ്ജാവശ്യത്തിനുള്ള യുറേനിയം സ്വയം കൈകാര്യം ചെയ്യും എന്ന നിലപാടിലാണ് ഇറാൻ. എന്നാൽ, ഊർജ്ജാവശ്യത്തിനുള്ള യുറേനിയം അമേരിക്ക കൈമാറുന്നത് ഉപയോഗിക്കണം എന്നാണ് നിർബന്ധന. ഇത് അംഗീകരിക്കാൻ ഇറാൻ തയ്യാറാകുന്നില്ല. ആണവായുധം ഉണ്ടാക്കാൻ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്ന് നേതാക്കൾ ആണയിടുന്നുണ്ടെങ്കിലും ഇതു വിശ്വസിക്കാൻ അമേരിക്കയും ഇസ്രായേലും തയ്യാറാകുന്നില്ല. ഇറാന് ഏർപ്പെടുത്തിയിട്ടുള്ള വ്യാപാര ഉപരോധം ഒറ്റയടിക്ക് പിൻവലിക്കാൻ അമേരിക്ക തയ്യാറല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
