തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക്കൂറുകൾക്കുള്ളിൽ തന്നെ വിജയ് സർക്കാരിനെതിരെ വിവാദവും ശക്തമായി. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആദ്യം ആലപിക്കുകയും തമിഴ് ത്തായ് വാഴ്ത്ത് പിന്നീട് പാടുകയും ചെയ്തതാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്. ദ്രാവിഡ രാഷ്ട്രീയ പാരമ്പര്യത്തെ അവഗണിച്ച നടപടിയാണിതെന്ന് ഡി.എം.കെ വിമർശിച്ചു.തമിഴ് ത്തായ് വാഴ്ത്ത് ആദ്യം ആലപിക്കുന്നതാണ് തമിഴ്നാട്ടിലെ പതിവ് രാഷ്ട്രീയ സംസ്കാരമെന്നും, ബിജെപിയെ പ്രീതിപ്പെടുത്താനാണ് ടി.വി.കെ സർക്കാർ നിലപാട് എടുത്തതെന്നുമാണ് ഡി.എം.കെ ആരോപണം. ടി.വി.കെക്ക് പിന്തുണ നൽകിയ സി.പി.ഐയും വിമർശനവുമായി രംഗത്തെത്തി. വന്ദേമാതരം ആദ്യം ആലപിച്ചതിന് വിശദീകരണം നൽകണമെന്നാണ് സി.പി.ഐയുടെ ആവശ്യം.
എന്നാൽ വിവാദങ്ങൾക്കിടയിലും സർക്കാർ നിലപാട് മാറ്റിയില്ല. ഉച്ചയ്ക്ക് ശേഷം ലോക് ഭവനിൽ നടന്ന പ്രോ-ടൈം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ആദ്യം വന്ദേമാതരം തന്നെയായിരുന്നു.ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ ഭരണകാലങ്ങളിൽ തമിഴ് ത്തായ് വാഴ്ത്തിന് മുൻഗണന നൽകിയിരുന്ന സാഹചര്യത്തിലാണ് ടി.വി.കെയുടെ പുതിയ സമീപനം ശ്രദ്ധേയമായത്. “ആദ്യം ദേശീയ ഗാനം, പിന്നാലെ തമിഴ് ദേശീയ ഗാനം” എന്നതാണ് വിജയ് പ്രഖ്യാപിച്ച മാറ്റമോ എന്നായിരുന്നു ഡി.എം.കെയുടെ പരിഹാസം.
ഇതിനിടെ തമിഴ് നാട്ടിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള വിജയ് യുടെ പരാമർശത്തിനും മറുപടിയുമായി മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തി. സംസ്ഥാനത്തിന്റെ കടബാധ്യത അനുവദനീയ പരിധിക്കുള്ളിലാണെന്നും, കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിട്ട സർക്കാരിനെയാണ് ഇപ്പോൾ വിമർശിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. വിമർശനങ്ങൾക്ക് പകരം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ ശ്രദ്ധിക്കണമെന്ന ഉപദേശവും അദ്ദേഹം നൽകി.
ആറ് പതിറ്റാണ്ടായി തമിഴ് നാട്ടിൽ തുടർന്ന ദ്രാവിഡ കക്ഷികളുടെ ഭരണത്തിന് വിരാമമിട്ടാണ് വിജയ് യുടെ ടി.വി.കെ അധികാരത്തിലെത്തിയത്. അതിനാൽ ദ്രാവിഡ രാഷ്ട്രീയത്തെ വെല്ലുവിളിക്കുന്ന പുതിയ ഭരണശൈലിയായിരിക്കുമോ വിജയ് മുന്നോട്ടുവയ്ക്കുക എന്ന ചർച്ചയാണ് ഇപ്പോൾ തമിഴ് നാട് രാഷ്ട്രീയത്തിൽ സജീവമാകുന്നത്
