കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അവയവക്കടത്ത് സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. കാസർഗോഡ് സ്വദേശി നജീബിനെ ഡെൽഹിയിൽ നിന്നാണ് പിടികൂടിയത്. അവയവക്കടത്ത് സംഘത്തെ നിയന്ത്രിക്കുന്നത് നജീബാണ് എന്നാണ് പൊലീസിന്റെ നിഗമനം.
കൂട്ടാളികളുടെ അറസ്റ്റിന് പിന്നാലെ ഒളിവിൽ പോയ നജീബിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതോടെ കേരളം വിട്ട നജീബ് ഡെൽഹിയിൽ എത്തി. ഇവിടെ നിന്ന് നേപ്പാൾ വഴി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. കേരള പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെൽഹി പൊലീസാണ് നജീബിനെ ഗാസിയബാദിൽ നിന്ന് പിടികൂടിയത്.
നജീബിന്റെ സഹായികളായ 5 പേരെ നേരത്തെ അന്വേഷണസംഘം കൊച്ചിയിൽ നിന്ന് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് എംപിമാരുടെയും എംഎല്‍എമാരുടെയും വ്യാജ ശുപാര്‍ശ കത്തുകളും ആശുപത്രികളുടെ വ്യാജ രേഖകളും പൊലീസ് കണ്ടെത്തിയിരുന്നു.
നടപടികൾ പൂർത്തിയാക്കി നജീബിനെ നാളെ കൊച്ചിയിൽ എത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും പൊലീസ് കരുതുന്നു. പെരുമ്പാവൂർ എഎസ്പി ഹർഥിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
