കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കോർഡിനേറ്ററും നിയുക്ത തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫിന്റെ ‘ധൂർത്തപുത്രൻ’ പ്രയോഗത്തിനെതിരെ മാണി വിഭാഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി. അപു സ്വാർത്ഥ പുത്രൻ എന്നായിരുന്നു ജോസിന്റെ മറുപടി. പിന്നാലെ പരാമർശം പിൻവലിച്ച് അപു ജോൺ ജോസഫ് രംഗത്തെത്തി. വോട്ട് വിഹിതത്തിൽ മുന്നിൽ തങ്ങളാണെന്ന ജോസിന്റെ കണക്കുകളെ അപു പ്രതിരോധിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പിൽ മത്സരിച്ച 12 സീറ്റിലും മാണി വിഭാഗം പരാജയപ്പെടുകയും എട്ടിൽ ഏഴിലും ജോസഫ് പാർട്ടി വിജയിക്കുകയും ചെയ്തതോടെയാണ് പരാജിതരെ പാർട്ടിയിലേക്ക് തിരികെ വിളിച്ച് സംസാരിക്കവെ ധൂർത്തപുത്രന്റെ പശ്ചാത്താപവും വീട്ടിലേക്കുള്ള മടങ്ങിവരവും അപു ജോൺ ജോസഫ് ഉപമയാക്കിയത്. എന്നാൽ ഇത് പരിഹാസമായി വിലയിരുത്തുകയാണ് ജോസ് കെ മാണിയും കൂട്ടരും. എന്നാൽ, പറഞ്ഞ ശൈലി മനസിലാക്കാൻ ജോസ് കെ മാണിക്കോ പാർട്ടിക്കോ സാധിച്ചില്ലെന്നും ജോസിന് വിഷമമായെങ്കിൽ പിൻവലിക്കുന്നുവെന്നും അപു ജോൺ ജോസഫ് പറഞ്ഞു.സഹോദരപാർട്ടിയാണ്. നശിച്ച് പോകരുതെന്ന് ആഗ്രഹിക്കുന്നു. പാർട്ടി ചെയർമാൻ കൊട്ടിയടയ്ക്കും വരെ അവർക്ക് മുന്നിൽ വാതിൽ തുറന്ന് തന്നെ കിടപ്പുണ്ടന്നും അപു ആവർത്തിച്ചു.
ജോസഫ് ഗ്രൂപ്പിനേക്കാൾ കേരളാ കോൺഗ്രസ് എം വോട്ട് വിഹിതത്തിൽ മുന്നിലാണെന്നും ജയിച്ചവർക്ക് 50 ശതമാനം വോട്ടുപോലും നേടാനായില്ലെന്നുമുള്ള ജോസിന്റെ വാദത്തിനും അപു മറുപടി നൽകാൻ മറന്നില്ല. പരാജയത്തിന് കാരണമായി ക്രോസ് വോട്ടിംഗ് നടത്തിയെന്ന് ആരോപിച്ച് സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നുമുണ്ട് ജോസ് കെ മാണി.
