നെടുങ്കണ്ടം ഇരട്ടക്കൊലക്കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് പൊലീസ്. 2018ൽ കാണാതായ പ്രതി സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് വീട്ടുവളപ്പിൽ പുരയിടം കുഴിച്ച് പരിശോധന നടത്തുന്നത്. മാത്യുവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയിട്ടുണ്ടോ എന്ന സംശയത്തിലാണ് വിശദമായ തെളിവെടുപ്പ്.സഹോദരൻ റെജി നിരന്തരം പിതൃത്വം ചോദ്യം ചെയ്ത് അപമാനിച്ചിരുന്നതും മാനസികമായി പീഡിപ്പിച്ചിരുന്നതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സജി പൊലീസിനോട് മൊഴി നൽകി. “മാത്യുവിന്റെ മകനല്ലെന്ന് പറഞ്ഞ് റെജി ആക്ഷേപിച്ചിരുന്നുവെന്നും വിവാഹകാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതുമാണ് പകയ്ക്ക് കാരണമായതെന്നും പ്രതി പറഞ്ഞു.
മാതാവ് മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയതായാണ് സജിയുടെ മൊഴി. കുറ്റകൃത്യം ഒറ്റയ്ക്കാണ് നടത്തിയതെന്നും ഇയാൾ പൊലീസിനോട് വ്യക്തമാക്കി.ഒളിവിൽ കഴിഞ്ഞിരുന്ന സജിയെ നാട്ടുകാരും പൊലീസും ചേർന്നുള്ള തിരച്ചിലിനൊടുവിലാണ് പിടികൂടിയത്. ഇതിന് പിന്നാലെ വർഷങ്ങൾ മുൻപ് കാണാതായ പിതാവ് മാത്യുവിന്റെ തിരോധാനത്തിലും പൊലീസ് പുനരന്വേഷണം ആരംഭിച്ചു.
