കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന് നാളെ അറിയാം. ചർച്ചകൾക്കായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഡൽഹിയിലെത്തി. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പരസ്യ പ്രതിഷേധങ്ങളും പ്രകടനങ്ങളും വിലക്കി കെപിസിസി സർക്കുലർ പുറത്തിറക്കി.45 എംഎൽഎമാരുടെ പിന്തുണ കെ സി വേണുഗോപാലിന് ഉണ്ടെന്ന വിലയിരുത്തൽ ശക്തമായതോടെയാണ് വി ഡി സതീശനെ അനുകൂലിച്ചുള്ള പ്രകടനങ്ങൾ തെരുവിലേക്കും വ്യാപിച്ചത്. ഇതോടെയാണ് ഹൈക്കമാൻഡ് വിഷയത്തിൽ അതീവ ഗൗരവത്തോടെ ഇടപെട്ടത്. അസമിലും കർണാടകയിലും ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ചവരുടെ അവസ്ഥ ഓർമ്മിപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ മുന്നറിയിപ്പ്.
പാർട്ടിക്ക് മുകളിലായി ആരും ഇല്ലെന്നും ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും നേതൃത്വം വ്യക്തമാക്കി. വി ഡി സതീശനെ അനുകൂലിച്ചുള്ള പരസ്യപ്രകടനങ്ങൾ അദ്ദേഹത്തിന്റെ സാധ്യതകളെ തന്നെ ബാധിക്കാമെന്ന വിലയിരുത്തലും ദേശീയ നേതൃത്വത്തിനുണ്ട്.
അതേസമയം ജനവികാരം ശക്തമായി മുന്നോട്ടുവെക്കുന്നതിനൊപ്പം ഘടകകക്ഷികളെയും ഒപ്പം നിർത്തി സമ്മർദ്ദം വർധിപ്പിക്കാനാണ് വി ഡി സതീശൻ ക്യാമ്പിന്റെ നീക്കം. എന്നാൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് ആയിരിയ്ക്കുമെന്നാണ് നിരീക്ഷകരും ഘടകകക്ഷികളും വ്യക്തമാക്കുന്നത്.വി ഡി സതീശനും കെ സി വേണുഗോപാലും തമ്മിലുള്ള പോരാട്ടത്തിനിടെ സമവായ മുഖ്യമന്ത്രിയായി ഉയർന്നുവരാമെന്ന രമേശ് ചെന്നിത്തലയുടെ പ്രതീക്ഷകൾക്കും തിരിച്ചടിയാകുന്ന തരത്തിലാണ് രാഷ്ട്രീയ നീക്കങ്ങൾ. പിന്മാറ്റമില്ലെന്ന നിലപാടിലാണ് കെ സി വേണുഗോപാൽ ക്യാമ്പ് തുടരുന്നത്.
