കൊച്ചിയിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണികൾ പിടിയിൽ. എറണാകുളം സ്വദേശി സണ്ണി, ഭാര്യ സിനി എന്നിവരാണ് ആലുവ റൂറൽ പൊലീസിന്റെ പിടിയിലായത്. എംപിമാരുടെയും എംഎല്‍എമാരുടെയും വ്യാജ ശുപാര്‍ശക്കത്തുകളും പിസിസി അടക്കമുള്ള രേഖകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
അവയവക്കടത്ത് സംഘത്തിലെ തലവൻ കാസർഗോഡ് സ്വദേശി നജീബിനെ സഹായിച്ചവരാണ് കൊച്ചിയിൽ പിടിയിലായത്. കുന്നത്തുനാട് സ്വദേശി സണ്ണിയും ഭാര്യ സിനിയും അവയവക്കടത്തിൽ നജീബിന്റെ മുഖ്യ സഹായികളാണ്. വ്യാജരേഖ ചമയ്ക്കൽ മുതൽ അവയവദാതാക്കളെ കണ്ടെത്തുന്നതിൽ വരെ ഇവർക്ക് പങ്കുണ്ട് എന്നാണ് പൊലീസിന്റെ നിഗമനം. കുന്നത്തുനാട്ടിലെ ഇവരുടെ സ്ഥാപനം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിർണായക രേഖകളാണ് പൊലീസിന് ലഭിച്ചത്.
എംപിമാരുടെയും എംഎല്‍എമാരുടെയും വ്യാജ ശുപാര്‍ശക്കത്തുകളും ആശുപത്രികളുടെ വ്യാജ രേഖകളും ഇവിടെ നിന്ന് പൊലിസിന് ലഭിച്ചു. വിവിധ ബാങ്കുകളുടെ ചെക്കുകളും അക്കൗണ്ട് വിവരങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുഖ്യപ്രതി നജീബുമായി ഇവര്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റും കണ്ടെത്തിയിട്ടുണ്ട്. പള്ളിക്കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റുഡിയോ ഉടമയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഇവിടെയും വ്യാജ രേഖകൾ നിർമിച്ചുവെന്നാണ് കണ്ടെത്തൽ. അതേസമയം, മുഖ്യപ്രതി നജീബിനായി തെരച്ചിൽ തുടരുകയാണ്. ഇയാളെ ഉടനെ അറസ്റ്റ് ചെയ്യാൻ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. 2023 മുതൽ സംഘം കൊച്ചി കേന്ദ്രീകരിച്ച് അവയവക്കടത്ത് നടത്തുന്നുണ്ട് എന്നാണ് വിവരം.
