തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത വിമർശനവുമായി കെ.കെ ശൈലജ. മത്സരിക്കാൻ താൽപര്യമില്ലെന്ന് നേരത്തെ അറിയിച്ചിട്ടും തന്നെ പേരാവൂരിൽ നിർബന്ധിച്ച് മത്സരിപ്പിച്ചുവെന്നാണ് ശൈലജയുടെ വിമർശനം.
പേരാവൂരിൽ ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നുവെന്നും എന്നിട്ടും മത്സരിപ്പിച്ചത് എന്തിനാണെന്ന് എല്ലാവർക്കും അറിയാമെന്നും കെ.കെ ശൈലജ യോഗത്തിൽ തുറന്നടിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വത്തിനാണെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
സംഘടനാ സംവിധാനവും സ്ഥാനാർത്ഥി നിർണയവും പാളിയെന്നാണ് സെക്രട്ടറിയേറ്റിലെ പ്രധാന വിമർശനം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ ലക്ഷ്യമിട്ടുള്ള പരോക്ഷ വിമർശനങ്ങളും യോഗത്തിൽ ഉണ്ടായി. അർഹതയില്ലാത്തവരെ സ്ഥാനാർത്ഥിയാക്കുകയും പിന്നീട് അതിനെ ന്യായീകരിക്കുകയും ചെയ്തുവെന്നായിരുന്നു ഒരു പ്രതിനിധിയുടെ വിമർശനം.
സർക്കാരിന്റെ ശൈലികളോട് ജനങ്ങൾക്ക് വിയോജിപ്പുണ്ടായെന്നും അത് നേതൃത്വം തിരിച്ചറിഞ്ഞില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. അതേസമയം പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള കാര്യത്തിൽ സെക്രട്ടറിയേറ്റ് അന്തിമ തീരുമാനമെടുത്തില്ല. സെക്രട്ടറിയേറ്റ് അംഗങ്ങളിൽ കൂടുതൽ പേരുടെയും പിന്തുണ പിണറായി വിജയനാണെന്നാണ് സൂചന
”ജയിക്കില്ലെന്ന് അറിയാമായിരുന്നിട്ടും നിർബന്ധിച്ച് മത്സരിപ്പിച്ചു”എൽഡിഎഫ് യോഗത്തിൽ അതൃപ്തി അറിയിച്ച് കെ കെ ശൈലജ
