ലോകത്തെ ഞെട്ടിച്ച പാകിസ്താൻ ഭീകരതയ്ക്ക് ഇന്ത്യ നൽകിയ ചുട്ടമറുപടിയായ ഓപ്പറേഷൻ സിന്ദൂറിന് ഇന്ന് ഒരു വർഷം. ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേന ദൗത്യത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക വീഡിയോ പുറത്തുവിട്ടു. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം സമാനതകളില്ലാത്ത ധൈര്യവും കൃത്യതയും ദൃഢനിശ്ചയവും പ്രകടിപ്പിച്ചുവെന്ന് ഒന്നാം വാർഷികത്തിൽ സൈനികരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പഹൽഗാമിൽ 26 പേരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന് ശക്തമായ പ്രത്യാക്രമണത്തിലൂടെയാണ് ഇന്ത്യ മറുപടി നൽകിയത്. കര, വ്യോമ, നാവികസേനകളുടെ സംയുക്ത നീക്കമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. പാകിസ്താനിലും പാക് അധീന കശ്മീരിലുമായി പ്രവർത്തിച്ചിരുന്ന ഒമ്പത് ഭീകരവാദ കേന്ദ്രങ്ങളെയാണ് ഇന്ത്യൻ സേന ലക്ഷ്യമിട്ടത്. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ എന്നീ ഭീകര സംഘടനകളുടെ പ്രധാന കമാൻഡ് സെന്ററുകളായിരുന്നു ഇവയെല്ലാം. തുടർച്ചയായ ഉന്നതതല കൂടിക്കാഴ്ചകൾ, മോക്ക് ഡ്രില്ലുകൾ… ഇതിനിടയിലാണ് 2025 മെയ് 7ന് പുലർച്ചെ സുഖോയ്, റഫാൽ, മിറാഷ് യുദ്ധവിമാനങ്ങൾ പാക് ഭീകരകേന്ദ്രങ്ങൾ ലക്ഷ്യം വച്ച് പറന്നത്. പിന്നീട് നടന്നത് ചരിത്ര പോരാട്ടം.
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ കടുത്ത നിലപാടിനെയും ദേശീയ സുരക്ഷ സംരക്ഷിക്കാനുള്ള പ്രതിബദ്ധതയെയും ദൗത്യം ലോകത്തിന് മുന്നിൽ തെളിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. പാകിസ്താന്റെ തിരിച്ചടിക്ക് മറുപടിയായി അവരുടെ വ്യോമതാവളങ്ങളും സൈനിക അടിസ്ഥാന സൗകര്യങ്ങളും ഇന്ത്യ തകർത്തു.
അതിർത്തി കടന്നുള്ള ഭീഷണികളെ വകവരുത്താൻ ഇന്ത്യൻ സൈന്യം എത്രത്തോളം സജ്ജമാണെന്നതിന്റെ തെളിവായി ഓപ്പറേഷൻ സിന്ദൂർ ചരിത്രത്തിൽ നിലകൊള്ളുന്നു.
