ഡെറാഡൂണിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പി എ എന്ന വ്യാജേന പണം തട്ടിയെടുത്തയാൾ അറസ്റ്റിൽ. കനിഷ്ക എന്നയാളാണ് പിടിയിലായത്. ഉത്തരാഖണ്ഡ് സ്വദേശിയായ ഭാവന പാണ്ഡെ എന്ന യുവതിയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. രാഹുൽ ഗാന്ധിയുടെ പി എ ആണെന്ന് അവകാശപ്പെട്ട് കനിഷ്ക യുവതിയെ സമീപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്തും ഹരീഷ് റാവത്ത് ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളുടെ ശബ്ദം അനുകരിച്ച് കേൾപ്പിച്ചുമാണ് ഇയാൾ യുവതിയുടെ വിശ്വാസം നേടിയെടുത്തത്. സർവേ ആവശ്യങ്ങൾക്കായി പണം ആവശ്യമാണെന്നും പിന്നീട് തിരികെ നൽകാമെന്നും വിശ്വസിപ്പിച്ച് വിവിധ ഘട്ടങ്ങളിലായാണ് പ്രതി തുക കൈക്കലാക്കിയത്. ഏപ്രിൽ 13ന് ബാങ്ക് വഴി 9.5 ലക്ഷം രൂപയും പിന്നീട് ബാക്കി തുക നേരിട്ടും കൈമാറി. പണം തിരികെ ചോദിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. ഭാവന പാണ്ഡെയുടെ പരാതിയിൽ ഡെറാഡൂണിലെ രാജ്‌പൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
രാഹുൽ ഗാന്ധിയുടെ സഹായിയെന്ന വ്യാജേന 25 ലക്ഷം രൂപ തട്ടിയെടുത്തു; ഒരാൾ അറസ്റ്റിൽ
