ശക്തമായ കോൺഗ്രസ് തരംഗത്തിനിടയിലും തൃശ്ശൂരിൽ എൽഡിഎഫിന് ആശ്വാസം.13 മണ്ഡലങ്ങളിൽ നാലിടത്ത് മാത്രമാണ് മുന്നണിക്ക് പരാജയം നേരിട്ടത്. മണലൂർ, ഗുരുവായൂർ മണ്ഡലങ്ങളിൽ ഫോട്ടോ ഫിനിഷിലൂടെ നേടിയ വിജയം എൽഡിഎഫിന് വലിയ നേട്ടമായി.
ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, തൃശ്ശൂർ, ചാലക്കുടി മണ്ഡലങ്ങളിലാണ് എൽഡിഎഫിന് തിരിച്ചടി. ഇതിൽ ചാലക്കുടി യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു. ശക്തമായ തരംഗത്തിലും തൃശ്ശൂരിൽ അടിത്തറ നിലനിർത്താൻ എൽഡിഎഫിന് സാധിച്ചു. അതേസമയം മണലൂർ ഫലം ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാൻ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ നീക്കം തുടങ്ങി.തൃശ്ശൂരിൽ 20000 ത്തിലധികം വോട്ടിന്റെ ലീഡ് നേടാനായത് നേട്ടമായി അവതരിപ്പിക്കുകയാണ് ഡിസിസി.
പാർലമെൻറ് തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ അക്കൗണ്ട് തുടർന്ന് തൃശ്ശൂരിൽ ബിജെപി എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 25000 ത്തിൽ അധികം വോട്ട് ജില്ലയിൽ ആകെ ഉയർത്തിയതല്ലാതെ രണ്ടാം സ്ഥാനത്ത് എത്താൻ സാധിക്കാത്തത് തിരിച്ചടിയാണ്. സുരേഷ് ഗോപിയുടെ പ്രവർത്തനത്തിലെ പോരായ്മയാണ് പാർട്ടിക്ക് തിരിച്ചറി സമ്മാനിച്ചത് എന്നാണ് വിലയിരുത്തൽ. തരംഗത്തിൽ മുന്നേറ്റം ഉണ്ടാക്കാതെ പോയത് ജില്ലയിൽ കോൺഗ്രസിനെയും ക്ഷീണിപ്പിക്കുന്നുണ്ട്.
