നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി കസേരയിലേക്ക് തലയെണ്ണി നേതാക്കൾ. കെ സി വേണുഗോപാൽ പക്ഷത്തിനൊപ്പം 35ൽ അധികം എംഎൽഎമാർ ഉണ്ടെന്നാണ് കണക്ക്. എന്നാൽ 20ൽ അധികം പേരുടെ പിന്തുണയാണ് വി ഡി സതീശൻ ക്യാംപിന്റെ പ്രതീക്ഷ. 20 പേരെങ്കിലും തനിക്കൊപ്പം ഉണ്ടാകുമെന്നാണ് രമേശ് ചെന്നിത്തലയും കണക്കുകൂട്ടുന്നത്.
കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നവർ എണ്ണം പറഞ്ഞാൽ 49 എന്നാണ് കണക്ക്. ആ കണക്കിൽ വലിയ വ്യത്യാസമില്ലാതെ കെ സി വേണുഗോപാലിന്റെ പേര് പാർലമെന്ററി പാർട്ടി യോഗത്തിൽ പറയുന്ന നിയുക്ത എം എൽ എമാരുടെ എണ്ണത്തിൽ കുറവുണ്ടാകില്ല. അതുകൊണ്ട് തല എണ്ണിയാൽ കെ സി വേണുഗോപാലിന് കടുത്ത പിന്തുണ ഉറപ്പ്. എണ്ണം പറഞ്ഞാൽ വി ഡി സതീശനൊപ്പം നിൽക്കുന്നവർ 10 ആണ്. എന്നാൽ അത് 15 കൂടി കടന്ന് 25ലേക്ക് എത്തുമെന്ന് വി ഡി ക്യാംപ് കണക്കുകൂട്ടുന്നത്. അതിൽ കൂടിയാലും വിസ്മയിക്കേണ്ടതില്ലെന്ന് വി ഡി സതീശൻ. 28 പേരുടെ പട്ടിക ആണ് രമേശ് ചെന്നിത്തലയുടെ പക്കലുള്ളത്.
പിന്താങ്ങുന്നവരുടെ എണ്ണത്തിന് അനുസരിച്ചാണ് തീരുമാനമെങ്കിൽ കെ സി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി പദത്തിൽ എത്തും. അതല്ല മുന്നണിയിൽ നയിച്ചവൻ വരട്ടെ എന്നുള്ള സ്വാഭാവിക നീതി നടപ്പാക്കിയാൽ അത് വി ഡി സതീശന് അനുകൂലമാകും. സീനിയോറിറ്റി പരിഗണിക്കണം എന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. സാധാരണഗതിയിൽ പാർലമെന്ററി 10 യോഗം ചേർന്ന് ഭൂരിപക്ഷം കിട്ടുന്ന ആളുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കുന്നതാണ് രീതി. കൂട്ടമായും ഒറ്റയ്ക്കും നിയുക്ത എംഎൽഎമാരെ കണ്ടാകും ഈ കണക്കെടുപ്പ്.
ഇതിനായി നിരീക്ഷകരെ ഏർപ്പെടുത്തും. പി ചിദംബരമാണ് നിരീക്ഷകനായി കേരളത്തിൽ എത്തുന്നത്. അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണ്. സാധാരണഗതിയിൽ ഘടകകക്ഷികളുടെ തീരുമാനം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ആദ്യഘട്ടത്തിൽ പരിഗണിക്കാറില്ല. അതിനാൽ കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നാണ് ഘടകകക്ഷികളുടെ തീരുമാനം.
