2026 നിയമസഭ തിരഞ്ഞെടുപ്പില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹലിയയ്ക്ക് വിജയം. 5087 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. ഫാത്തിമ തെഹലിയയ്ക്ക് 81429 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണന് 76342 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി എം മോഹനൻ മാസ്റ്റർ 13042 വോട്ടുകളും നേടി.
ഈ വിജയം വ്യക്തിപരമായ നേട്ടമെന്നതിലുപരി ചരിത്രചുവടുവെയ്പ്പാണെന്ന് തഹ്ലിയ പ്രതികരിച്ചു. മുസ്ലിം ലീഗിന്റെ ആദ്യ വനിതാ എംഎൽഎ എന്ന നിലയിൽ വലിയ ഉത്തരവാദിത്തമാണ് മുന്നിലുള്ളതെന്നും അവർ വ്യക്തമാക്കി. വർഗീയ പ്രചാരണങ്ങൾക്കും അധികാര രാഷ്ട്രീയത്തിനുമെതിരെ പേരാമ്പ്ര നൽകിയ മറുപടിയാണ് ഈ വിജയം എന്ന നിലപാടും അവർ ആവർത്തിച്ചു.
ഇക്കുറി ലീഗ് പട്ടികയിൽ രണ്ട് വനിതകൾക്കായിരുന്നു അവസരം ,കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ തഹ്ലിയയും. അതിൽ തഹ്ലിയയുടെ വിജയം പാർട്ടിയിലെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് കൂടുതൽ ശക്തി നൽകി. മന്ത്രിസഭയിലേക്കുള്ള സാധ്യതകളിലും ഇപ്പോൾ കണ്ണുകൾ പേരാമ്പ്രയിലേക്കാണ്.
വികസന വാഗ്ദാനങ്ങൾക്കൊപ്പം വിവാദങ്ങളും നിറഞ്ഞ പോരാട്ടമായിരുന്നു മണ്ഡലത്തിൽ. അനൗൺസ്മെന്റ് വിവാദവും, തുടർന്ന് മുന്നണികൾ തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങളും തിരഞ്ഞെടുപ്പ് ചൂട് കൂട്ടി. ഒടുവിൽ, എല്ലാം മറികടന്ന് തഹ്ലിയയുടെ വിജയം പേരാമ്പ്രയുടെ പുതിയ രാഷ്ട്രീയ സന്ദേശമായി മാറി.
