കിഴക്കൻ ഡെൽഹിയിലെ വിവേക് വിഹാറിൽ നാല് നിലകളുള്ള പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ ഒരു കുട്ടിയുൾപ്പെടെ ഒമ്പത് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 3.47നാണ് അപകടമുണ്ടായത്. എസി പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. 12 അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.
ഒരു കുടുംബത്തിലെ അംഗങ്ങളായ നാല് പുരുഷന്മാരും നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. കെട്ടിടത്തിന്റെ വിവിധ നിലകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ശിഖ ജെയിൻ (45), അരവിന്ദ് (60), അനിത ജെയിൻ (58), നിശാന്ത് ജെയിൻ (35), ആഞ്ചൽ ജെയിൻ (33), ഒരു വയസുള്ള ആൺകുട്ടി, നിതിൻ ജെയിൻ (50), ഭാര്യ ഷൈലി ജെയിൻ (48), മകൻ സമ്യക് ജെയിൻ (25) എന്നിവരാണ് മരിച്ചത്.
അഗ്നിരക്ഷാ സേനാംഗങ്ങൾ കെട്ടിടത്തിനുള്ളിൽ നിന്ന് പന്ത്രണ്ടിലധികം പേരെ സാഹസികമായി രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ ആശങ്ക പ്രകടിപ്പിച്ചു.
വിവേക് വിഹാർ ദുരന്തത്തിൽ ഡെൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അനുശോചിച്ചു. സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
