സംസ്ഥാനത്ത് ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ടുണ്ടെങ്കിലും മഴ കനത്തത് തൃശ്ശൂർ ജില്ലയിലാണ്. കനത്ത കാറ്റിലും മഴയിലും ഇരിങ്ങാലക്കുടയിലെ കൂടൽ മാണിക്യം ക്ഷേത്രത്തിലെ പന്തൽ നിലംപതിച്ചു. ജനറൽ ആശുപത്രിയിലെ ജനൽ ചില്ലുകളും തകർന്നു. മാള കോൾക്കുന്നിൽ മരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളുടെ മലയോര മേഖലകളിലും മഴ പെയ്തു. സംസ്ഥാനത്ത് അടുത്ത ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
നാളെ നാല് ജില്ലകളിലും മറ്റന്നാൾ രണ്ട് ജില്ലകളിലും യെല്ലോ അലേർട്ട് ആണ്. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളിലാണ് നാളെ മുന്നറിയിപ്പുള്ളത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉള്ളതിനാൽ മലയോര മേഖലകളിലടക്കം ജാഗ്രതാ പാലിക്കണം. അതേസമയം പാലക്കാട്ടെ താപനില വീണ്ടും 38 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തി. കൊല്ലം പുനലൂരിലും കടുത്ത ചൂടാണ് ഇന്ന് അനുഭവപ്പെട്ടത്.
