സംസ്ഥാനം മെയ് നാലിന് വോട്ടെണ്ണലിന് ഒരുങ്ങി കഴിഞ്ഞു.വോട്ടെണ്ണലിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിച്ചാൽ പൂർത്തിയാകുന്നത് വരെ ഇടവേള ഉണ്ടാകില്ല. അതതു മണ്ഡലങ്ങളിലെ വാരണാധികാരിയുടെ ചുമതലയിലാണ് ഓരോ കേന്ദ്രത്തിലെയും വോട്ടെണ്ണൽ.
43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണൽ പ്രക്രിയയുടെ ഭാഗമാവുക, ഒരു റൗണ്ടി ൽ പരമാവധി 14 ബൂത്തുകളിലെ ഇ.വിഎമ്മുകളാണ് എണ്ണുന്നത്. രാവിലെ ആറിന് കൗണ്ടിംഗ് ഉദ്യോഗസ്ഥരെത്തും. എട്ടുമണിക്ക് തപാൽ വോട്ടുകളാണ് എണ്ണി തുടങ്ങുക. ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇവിഎം ലെ വോട്ട് എണ്ണുന്നതിന് പരമാവധി 14 കൗണ്ടിംഗ്
മേശകൾ ക്രമീകരിക്കും. പോസ്റ്റൽ ബാലറ്റുകൾക്ക് 500 എണ്ണത്തിന് ഒന്നെന്ന ക്രമത്തിൽ പ്രത്യേകം കൗണ്ടിംഗ് ടേബിളുകളും ഓരോന്നിനും ഓരോ എ.ആർ.ഒ എന്ന നിലയിലും ക്രമീകരിക്കും. വോട്ടെണ്ണലിന്റെ കൃത്യത ഉറപ്പാക്കാൻ ഓരോ റൗണ്ടിലും എണ്ണുന്ന രണ്ട് കൺട്രോൾ യൂണിറ്റുകൾ വീതം നിരീക്ഷകർ ക്രമത്തിലല്ലാതെ തിരഞ്ഞെടുത്തു പുനപരിശോധിക്കും. ഇതിൽ കണ്ടെത്തിയ ഫലവും ടേബിളിൽ നിന്ന് ലഭിച്ച ഫലവും തമ്മിൽ പൊരുത്തക്കേട് ഉണ്ടെങ്കിൽ ആ ടേബിളിലെ ആ റൗണ്ടിലെ ഫലം കൺട്രോൾ യൂണിറ്റിൽ നിന്ന് നേരിട്ട് വീണ്ടും പരിശോധിച്ച് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ മാറ്റുകയും നടപടി എടുക്കുകയും ചെയ്യും. വോട്ടെണ്ണൽ ഹാളിലുള്ള സ്ഥാനാർത്ഥികളും ഏജന്റുമാരും വോട്ടെണ്ണൽ നിശ്ചയി ച്ചിട്ടുള്ള സമയത്തിന് ചുരുങ്ങിയത് ഒരു മണിക്കൂർ മുമ്പെങ്കിലും നിയമന ഉത്തരവിന്റെ രണ്ടാം പകർപ്പ് റിട്ടേണിംഗ് ഓഫീസർക്ക് സമർപ്പിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന് മാത്രമേ കൗണ്ടിങ് ഹാളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ അനുവാദമുള്ളൂ. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ആരും അതിക്രമിച്ചു കയറാതിരിക്കാൻ ക്യു ആർ കോഡ് ഉള്ള തിരിച്ചറിയൽ കാർഡും നിർബന്ധമാക്കിയിട്ടുണ്ട്.
