സെനറ്റിലും പ്രതിനിധി സഭയിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം സീറ്റുകളിലും മുന്നിലാണ്. പ്രതിനിധി സഭയിലെ 354 സീറ്റുകളിലെ ഫലം വന്നപ്പോൾ ഡെമോക്രാറ്റുകൾ 223 സീറ്റുകൾ നേടി ഭൂരിപക്ഷം ഉറപ്പിച്ചു. ട്രംപിൻറെ റിപ്പബ്ലിക്കൻമാർക്ക് ലഭിച്ചത് 126 മാത്രമാണ്. സെനറ്റിൽ ഡെമോക്രാറ്റുകൾ 53 സീറ്റുകളിൽ മുന്നിലെത്തി. ഓഹിയോയിൽ മത്സരിച്ച പാലക്കാട് കുടുംബവേരുകളുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വിവേക് രാമസ്വാമി പരാജയപ്പെട്ടു.
സെനറ്റിൽ ഡെമോക്രാറ്റുകൾക്കായിരുന്നു ആദ്യ വിജയം. ജോർജിയയിൽ നിന്ന് ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഒസ്സോഫ് തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ മൈക്ക് കോളിൻസിനെയാണ് തോൽപ്പിച്ചത്. അതൊരു സൂചനയായിരുന്നു. പിന്നാലെ സൗത്ത് കരോളീനയിൽ ഡെമോക്രാറ്റുകൾ അട്ടിമറി വിജയം നേടിയെന്ന ഫലം വന്നു. ആനി ആൻഡ്രൂവാണ് ജയിച്ചത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് സൗത്ത് കരോളീനയിൽ നിന്ന് ഒരു ഡെമോക്രാറ്റിക് സെനറ്റർ തെരഞ്ഞെടുക്കപ്പെടുന്നത്.
ഹൗസ് ഓഫ് റപ്രസെൻറേറ്റീവ്സ് എന്ന പ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ്. 435 അംഗം ജനപ്രതിനിധി സഭയുടെ നിയന്ത്രണം നേടാൻ 218 സീറ്റുകളാണ് വേണ്ടത്.
ഇപ്പോഴത്തെ സെനറ്റിൽ റിപ്പബ്ലിക്കന്മാർക്ക് 53 സീറ്റ് ഉണ്ടായിരുന്നു. ഡെമോക്രാറ്റുകൾക്കും രണ്ടു സ്വതന്ത്രർക്കും കൂടി 47 സീറ്റുമാണ് ഉണ്ടായിരുന്നത്. ഡെമോക്രാറ്റുകൾ ഇത്തവണ ഭൂരിപക്ഷം ഉറപ്പിച്ചതോടെ ട്രംപിൻറെ ഭരണം അവതാളത്തിലാകും. അത്യാവശ്യം ധനബില്ലുകൾ പോലും പാസാകാൻ ഡെമോക്രാറ്റുകളുടെ നയം അംഗീകരിക്കേണ്ടി വരും. ട്രംപിനും കുടുംബത്തിനുമെതിരേ വലിയ അഴിമതി ആരോപണങ്ങളാണ് ഡെമോക്രാറ്റുകൾ ഉയർത്തിയിരുന്നത്. അതിൽ അന്വേഷണം വരും. ഇറാനിൽ യുദ്ധം ആരംഭിച്ചതിനെക്കുറിച്ച് ഉറപ്പായും അന്വേഷണം പ്രതീക്ഷിക്കുന്നുണ്ട് അമേരിക്കൻ ജനത. ഇതോടെ ട്രംപിനെ ഇംപീച്ച് ചെയ്യാൻ സാഹചര്യമൊരുങ്ങിയേക്കും.
