യുഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയിൽ തുടരും. പാഠ്യപദ്ധതി, ഏതൊക്കെ സ്കൂളുകളിൽ പദ്ധതി നടപ്പാക്കണം എന്നിവയിൽ സംസ്ഥാന സർക്കാർ തീരുമാനമെടുക്കും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുമായുള്ള ചർച്ചകൾക്കടക്കം മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തി.
സർക്കാരുകൾ തമ്മിൽ ഒപ്പിട്ട പിഎം ശ്രീ കരാറിൽ നിന്ന് പിന്‍മാറുക എന്നത് നിയമപരമായി സാധ്യമല്ല. ഒപ്പിടുകയും അതിനുശേഷം ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. നിയമപരമായ ബാധ്യതകളുള്ളതിനാൽ പദ്ധതിയിൽ തുടരും. എന്നാൽ സംസ്ഥാന താത്പര്യം ബലി കഴിക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി ഇതര സർക്കാരുകളുമായും കൂടിയാലോചനകൾ നടത്തി. ഇതിനുശേഷമാണ് നാലംഗ മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തിയത്.
പിഎം ശ്രീ പദ്ധതിയിൽ കഴിഞ്ഞ സർക്കാർ ഒപ്പിട്ട ശേഷം ആദ്യഘട്ടത്തിൽ 99 കോടി രൂപയും പിന്നീട് 106 കോടി രൂപയും കേന്ദ്ര ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനെല്ലാം ശേഷം പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. മുൻ സർക്കാർ കത്തയച്ചു എന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് പച്ചക്കള്ളം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇതേ നിലപാട് ഇന്നും മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആവർത്തിക്കുകയാണ് ചെയ്തത്.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സിപിഐയുടെ കടുത്ത എതിർപ്പ് അവഗണിച്ച് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ നിർദേശപ്രകാരം വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകിയാണ് കരാറിൽ ഒപ്പിട്ടത്.
