പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി വാളയാർ സഹോദരിമാരുടെ കേസിലെ മൂന്നാം സാക്ഷി ജബ്ബാർ. ഇത്രയധികം കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ടും പൊലീസ് അനങ്ങുന്നില്ല എന്ന് വിമർശനം. പാലക്കാട്ടെ അതിർത്തി ഗ്രാമങ്ങളിൽ പോസ്റ്റുമോർട്ടം പോലും ചെയ്യാത്ത ദുരൂഹ മരണങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ടെന്നും ജബ്ബാർ പറയുന്നു
പാലക്കാട് കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2010ൽ പതിനൊന്നുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാലക്കാട് അതിർത്തി ഗ്രാമങ്ങളിലെ 14 വയസിൽ താഴെയുള്ള കുട്ടികളുടെ ദുരൂഹ മരണങ്ങൾ വീണ്ടും ചർച്ചയാകുന്നത്. പ്രതികളും രാഷ്ട്രീയക്കാരും ഒത്തുകളിച്ച് ഉന്നത പൊലീസ് വൃത്തങ്ങളെ ഇടപെടുവിച്ച് പല കേസുകളും അട്ടിമറിക്കുകയാണെന്ന് വാളയാർ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മൂന്നാം സാക്ഷി ജബ്ബാർ ബിഗ് ടിവിയോട് പറഞ്ഞു. ദുരൂഹമരണങ്ങളിൽ പലപ്പോഴും പോസ്റ്റുമോർട്ടം പോലും നടക്കുന്നില്ല എന്നും ജബ്ബാർ ആരോപിക്കുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കും നീതിയുറപ്പാക്കേണ്ട സംവിധാനങ്ങൾ അനങ്ങുന്നില്ല എന്നാണ് പ്രധാന ആരോപണം. ലഹരിമരുന്നുകളുടെ ഉപയോഗം വ്യാപകമാകുന്നത് ഇത്തരം കുറ്റകൃത്യങ്ങളുടെ പ്രധാന കാരണമാണ്. എന്നാൽ തടയാൻ അധികൃതർ തയ്യാറാവുന്നില്ലെന്നും ജബ്ബാർ വിമർശനം ഉയർത്തുന്നുണ്ട്.
